കൊയിലാണ്ടി: മുനിസിപ്പാലിറ്റി പരിധിയിൽ 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊയിലാണ്ടിയിൽ രോഗഭീതിയേറി. പുളിയഞ്ചേരിയിൽ ഒരു കുടുംബത്തിലെ 4 പേർക്കും കണയങ്കോട് ഭാഗത്ത് ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കൈരളി ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന പരിശോധനയിൽ പങ്കെടുത്ത 269 പേരിൽ 7 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരസഭയും പൊലീസും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിൽ മാസ്‌കും സാമൂഹിക അകലവും ഉറപ്പ് വരുത്താൻ പൊലീസ് രംഗത്തെത്തി. പ്ലസ് വൺ പ്രവേശനത്തിന് അക്ഷയ കേന്ദ്രങ്ങളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യൻ അറിയിച്ചു.