ഉറവിടം കണ്ടെത്താനായില്ല
80 പേർ നിരീക്ഷണത്തിൽ
സുൽത്താൻ ബത്തേരി: നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഉറവിടമറിയാത്ത രണ്ട് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പട്ട സംഭവത്തിൽ ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. രോഗലക്ഷണം കണ്ടെത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 12 പേരെയും സെക്കൻഡറി തലത്തിലുള്ള 68 പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. നേരിട്ട് സമ്പർക്ക പട്ടികയിലുള്ള 12 പേരുടെയും സ്രവം പരിശോധനയ്ക്കായി അയച്ചു.
പഞ്ചായത്തിലെ 14, 17 വാർഡുകളിൽ താമസിക്കുന്ന രണ്ട് പേർക്കാണ് രോഗം കണ്ടെത്തിയത്. ഇവർ ഈ മാസം 11,16 തീയ്യതികളിലായി കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരത്തെ ഇവർക്കുണ്ടായിരുന്ന രോഗവുമായി ബന്ധപ്പെട്ട് ചികിൽസയ്ക്കായി എത്തിയിരുന്നു. ഇവർ സമ്പർക്കം പുലർത്തിയ നാല് വാർഡുകൾ കണ്ടെയ്‌മെന്റ് സോണാക്കുകയും ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടയുള്ള ജീവനക്കാർ നിരീക്ഷണത്തിൽ പോവുകയും ചെയ്തു.
നാല് വാർഡുകൾ കണ്ടെയ്‌മെന്റ് സോണാക്കിയതോടെ ഈ വാർഡുകളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന റോഡിൽ നിന്ന് വാർഡുകളിലേക്കുള്ള എല്ലാ പാതകളും പൊലീസ് കെട്ടിയടച്ചു. നാല് വാർഡുകളിലും അഞ്ച് ടീമുകളായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വീടുകൾതോറും കയറിയിറങ്ങി വിവരശേഖരണം നടത്തി. എന്തെങ്കിലും രോഗമുള്ളവർക്ക് ടെലിമെഡിസിനിലൂടെ ബന്ധപ്പെട്ടാൽ മരുന്നു എത്തിച്ച് നൽകും. രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും വീടും പരിസരവും അണു നശീകരണവും നടത്തി.
കൊവിഡ് 19 രോഗവ്യാപനം കൂടുന്ന സംസ്ഥാനങ്ങളായ കർണ്ണാടകയും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകൂടിയാണ് നൂൽപ്പുഴ എന്നതിനാൽ കഴിഞ്ഞ ദിവസം ഇവിടെ റാൻഡം ടെസ്റ്റ് നടത്തിയിരുന്നു. ടെസ്റ്റിൽ എല്ലാവരുടെയും റിസൽറ്റ് നെഗറ്റീവായിരുന്നു. ഇപ്പോൾ രോഗം സ്ഥിരികരിക്കപ്പെട്ടവർ ടെസ്റ്റിൽ പങ്കെടുത്തിരുന്നില്ല. കൊവിഡ് 19 സ്ഥിരീകരിച്ചതോടെ വ്യാപകമായി കിംവദന്തികൾ പ്രചരിച്ചത് ജനങ്ങൾക്കിടയിൽ ആശങ്ക പടർത്തി.
ഫോട്ടോ
0020-കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതോടെ നായ്‌ക്കെട്ടിയിൽ നിന്ന് മാതമംഗലം ഭാഗത്തേക്കുള്ള റോഡ് പൊലീസ് അടച്ചപ്പോൾ
അനുഭവങ്ങളുടെ വിവരണവുമായി
കെ.പി.തോമസിന്റെ എല്ലാം നല്ലതിന്
സുൽത്താൻ ബത്തേരി: ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന പ്രൊഫസർ കെ.പി.തോമസിന്റെ നാല് പതിറ്റാണ്ടുകാലത്തെ സഹകരണ മേഖലയിലെ സേവനങ്ങളും തിക്താനുഭവങ്ങളും വിവരിച്ചുകൊണ്ടുള്ള പുസ്തകം പ്രകാശനം ചെയ്തു. 'എല്ലാം നല്ലതിന്' എന്നാണ് പുസ്തകത്തിന്റെ പേര് സുൽത്താൻ ബത്തേരി പ്രസ്‌ക്ലബ്ബിൽ പ്രസ്‌ക്ലബ്ബ് സെക്രട്ടറി മധുനടേഷിന് നൽകിയാണ് പ്രകാശനം നടത്തിയത്.
കഴിഞ്ഞ കാലഘട്ടങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടത്തിന് അവസരമൊരുക്കിയാണ് കൊവിഡിന്റെ വരവെന്ന് പറഞ്ഞുകൊണ്ടാണ് പുസ്തകത്തിന്റെ തുടക്കം. പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി സേവനം ചെയ്ത തനിക്ക് ചില സ്വാർത്ഥമോഹികളായ പാർട്ടി പ്രവർത്തകരിൽ നിന്ന് തിക്താനുഭവമാണ് ഏറ്റുവാങ്ങേണ്ടി വന്നതെന്ന് അദ്ദേഹം കുറിക്കുന്നു. സഹകരണ ബാങ്കിംഗ് ജില്ലയിലെമ്പാടും വ്യാപിപ്പിച്ച് ജനങ്ങളെയാകെ ബാങ്കിന്റെ ഉടമകളും ഇടപാടുകാരും ഗുണഭോക്താക്കളുമാക്കണമെന്ന ലക്ഷ്യം ഒട്ടൊക്കെ തനിക്ക് കൈവരിക്കാനായി. ഇത് ഇഷ്ട്ടപ്പെടാത്തവരാണ് തനിക്കെതിരെ ഇല്ലാത്ത നിയമവും കരാരും പറഞ്ഞ് ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇവിടെ രേഖപ്പെടുത്തുന്ന കാര്യങ്ങൾ ചിലർക്കെങ്കിലും അപ്രിയമെന്ന് തോന്നാൻ ഇടയുണ്ടെങ്കിലും ഭാവിയിലെങ്കിലും അവ സംഘടനയിലും വ്യക്തികളിലും ഗുണപരമായ മാറ്റത്തിന് ഇടയാവട്ടെ എന്ന നല്ല ഉദ്ദേശത്തോടെയാണ് ഇവിടെ അവതരിപ്പിക്കുന്നത് എന്ന വരികളോടെയാണ് ഇംഗ്ലീഷ് പ്രൊഫസർകൂടിയായ കെ.പി.തോമസ് പുസ്തകം അവസാനിപ്പിക്കുന്നത്.