വടകര: ചോമ്പാൽ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഒരുങ്ങുന്നു. ആഗസ്റ്റ് പകുതിയോടെ ഉദ്ഘാടനം ചെയ്യാൻ കഴിയും വിധത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ചുറ്റുമതിൽ നിർമ്മാണം, വയറിംഗ്, പ്ലംബ്ബിംഗ്, നിലത്തു ടൈൽ വിരിക്കൽ തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാകാനുണ്ട് . കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. നിലവിലെ സ്റ്റേഷന് മുന്നിലെ ഹെൽത്ത് സെന്ററിന്റെ തെക്ക് ഭാഗത്തുളള 13 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം ഉയരുന്നത്. 72.43 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. സ്ഥലം കണ്ടെത്തിയിട്ടും നിർമ്മാണ തുക അനുവദിക്കാൻ വർഷങ്ങളെടുത്തതാണ് പ്രവൃത്തി വൈകാൻ കാരണമായത് . 2009ൽ അഴിയൂർ കൃഷി ഭവൻ കെട്ടിടത്തിന് മുകളിലാണ് ചോമ്പാൽ പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത കെട്ടിടത്തിൽ വനിതാ ജീവനക്കാരടക്കം ഏറെ പ്രയാസപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. തീര പ്രദേശം ഉൾപ്പെടുന്ന അഴിയൂർ, ഒഞ്ചിയം പഞ്ചായത്തുകളും മാഹി, മുക്കാളി, നാദാപുരം റോഡ് എന്നീ റെയിൽവെ സ്റ്റേഷനുകളും ഉൾക്കൊള്ളുന്നതാണ് സ്റ്റേഷൻ പരിധി. സ്റ്റേഷൻ നിർമ്മാണം ദ്രുതഗതിയിലാണെങ്കിലും ദേശീയപാതയിൽ നിന്ന് സ്റ്റേഷനിലേക്കുള്ള റോഡ് ചെളി നിറഞ്ഞിരിക്കുന്നത് യാത്ര ദുഷ്ക്കരമാക്കും.
സൗകര്യങ്ങൾ
# സ്റ്റേഷൻ ഓഫീസർക്ക് പ്രത്യേക മുറി
# പ്രിൻസിപ്പൽ എസ്.ഐക്ക് പ്രത്യേകം മുറി
# വിശാലമായ ലോക്കപ്പ്
# പൊലീസുകാർക്ക് വിശ്രമ സൗകര്യം