മുക്കം: സമ്പർക്ക വ്യാപനവും ഉറവിടമറിയാത്ത രോഗികളും കൂടുന്ന സാഹചര്യത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ (തോട്ടുമുക്കം,പളളിത്താഴെ) പുതുതായി കണ്ടെയ്ൻമെന്റ് സോണുകളാക്കി. കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ 18 ജീവനക്കാർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിലൊരു ജീവനക്കാരൻ വാർഡുകളിലുള്ളവരുമായി സമ്പർക്കം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കൊടിയത്തൂർ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ തോട്ടുമുക്കത്ത് പ്രത്യേക യോഗം ചേർന്ന് പ്രദേശത്തെ 9 റോഡുകൾ അടച്ചു. ഓമശ്ശേരി പഞ്ചായത്തിൽ നേരത്തെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ എട്ട്, ഒമ്പത് വാർഡുകളായ അമ്പലക്കണ്ടി, ആലിൻതറ വാർഡുകൾക്ക് പുറമെ 10, 11 വാർഡുകളായ വെണ്ണക്കോട്, നടമ്മൽപൊയിൽ വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഇവിടെ ഒരാൾക്ക് ഉറവിട മറിയാതെ രോഗം സ്ഥിരീകരിച്ചതിനാലാണ് നടപടി. ഈ വാർഡുകളോട് ചേർന്ന് വരുന്ന മുക്കം നഗരസഭയിലെ വെണ്ണക്കോട്, ഇരട്ടക്കുളങ്ങര ഡിവിഷനുകളും (29,30) കണ്ടെയ്ൻമെന്റ് സോണിലാണ്. പൊലീസും ആരോഗ്യ വകുപ്പും മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെയുള്ള ബോധവത്കരണം നടത്തി.