kovid
kovid

ബാലുശ്ശേരി: കൊവിഡ് ബാധിച്ച കരാറുകാരനുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ നന്മണ്ട പഞ്ചായത്ത് പ്രസിഡന്റടക്കം 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ നിരീക്ഷണത്തിലായിരുന്ന ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ മുപ്പതോളം പൊലീസുകാർക്കും ജനപ്രതിനിധികൾക്കും ആശ്വാസമായി.
കെട്ടിട നിർമ്മാണ ചുമതലയുണ്ടായിരുന്ന കരാറുകാരനുമായി സമ്പർക്കം പുലർത്തിയ നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അസിസ്റ്റന്റ് എൻജിനിയർ, ഫ്രണ്ട് ഓഫീസ് ജീവനക്കാരൻ തുടങ്ങി 12 പേർക്കാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയത്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ നടന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ കൊവിഡ് അവലോക യോഗത്തിൽ നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്തതിനെ തുടർന്നാണ് പൊലീസുകാരും ജനപ്രതിനിധികളും നിരീക്ഷണത്തിൽ കഴിയേണ്ടി വന്നത്. ഉണ്ണികുളം, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബാലുശ്ശേരി, പനങ്ങാട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ആരോഗ്യ വകുപ്പ് നിർദ്ദേശത്തെ തുടർന്ന് ഇവരും പല കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച അടച്ച നന്മണ്ട ഗ്രാമപഞ്ചായത്ത് ഓഫീസ് അണു വിമുക്തമാക്കി തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.