വളർന്നാൽ ആരാവാനാണ് ഇഷ്ടമെന്ന ചോദ്യം കേൾക്കാത്തവർ കുറവായിരിക്കും. പക്ഷെ, കുട്ടിയായിരിക്കെ സുഷമയോട് അസൈനാർ മാഷ് പറഞ്ഞത് നീ ഡോക്ടറായാൽ മതിയെന്നാണ്. ആ വാക്കുകൾ മനസിൽ കുറിച്ചിട്ടു. പഠിച്ചു, പരിശ്രമിച്ചു, ഡോക്ടറായി. മാഷിനുള്ള ഗുരുദക്ഷിണ കൂടിയായിരുന്നു ഡോക്ടർ പദവി. ഇന്ന് ചേളന്നൂരുകാരുടെ പ്രിയപ്പെട്ട ഡോക്ടറാണ് സുഷമ. ചികിത്സ തേടിയെത്തുന്നവർക്ക് കരുതലൊരുക്കി സ്നേഹവും സാന്ത്വനവുമായി ആതുരസേവന രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണിവർ. തലമുറകൾ ഇവർക്ക് മറ്റൊരു പേരു കൂടി ചാർത്തിയിട്ടുണ്ട് 'ചേളന്നൂരുകാരുടെ കുടുംബ ഡോക്ടർ" .
@ ആദ്യ എൻട്രൻസ് ബാച്ചുകാരി
സൈനികനായിരുന്ന കൃഷ്ണൻ നായരുടെയും പാലക്കാട് പെരുങ്ങോട്ടുകുറിശ്ശി തരവത്ത് ഭാരതി കെ.നായരുടെയും ഇളയമകളാണ് ഡോ.സുഷമ. പെരിങ്ങോട്ടുകുറിശ്ശി ഗവ. ഹൈസ്കൂളിൽ നിന്ന് റാങ്കോടെ എസ്.എസ്.എൽ.സി പാസായി. സ്കൂൾ കാലം തൊട്ടേ പഠനത്തിൽ മിടുക്കി.എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാമതെത്തി.
പാലക്കാട് മേഴ്സി കോളേജിലെ പ്രീഡിഗ്രി പഠനശേഷം എൻട്രൻസ് എഴുതി 1982ൽ ആദ്യ കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷയിലൂടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. ഹൗസ് സർജൻസി പൂർത്തിയാവുന്നതിന് രണ്ട് ദിവസം മുമ്പ് ഡോ.കൃഷ്ണദാസിന്റെ നിർദ്ദേശപ്രകാരം ചാലപ്പുറത്തെ രാജശ്രീ നഴ്സിംഗ് ഹോമിൽ ജോലിയിൽ പ്രവേശിച്ചു. അതായിരുന്നു ഒൗദ്യോഗിക ജീവിതത്തിന്റെ തുടക്കം. അവിടെ ഒന്നര വർഷം. അതിനിടെ ഡയബറ്റോളജി, പീഡിയാട്രിക്സ്, ഫാമിലി മെഡിസിൻ എന്നിവയിൽ സ്പെഷ്യലൈസേഷൻ ചെയ്തു. ഡയബറ്റോളജിയെക്കുറിച്ച് കൂടുതലറിയാൻ തിരുവനന്തപുരം എസ്.യു.ടിയിൽ കെ.പി പൗലോസ് സാറിന്റെ കീഴിൽ പരിശീലനം നേടി.
@ അങ്ങനെ കോഴിക്കോട്ടെത്തി
90കളിൽ ചേളന്നൂരിലും സമീപ പ്രദേശങ്ങളിലും ആശുപത്രികൾ കുറവായിരുന്നു. രാജശ്രീ ആശുപത്രിയിലെ ഒന്നര വർഷത്തെ അനുഭവവുമായി വീടിനോട് ചേർന്ന് ആശുപത്രി ആരംഭിച്ചു. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ചേളന്നൂരുകാരുടെ ആശുപത്രിയും കുടുംബ ഡോക്ടറുമായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനം അന്നും ഇന്നും അനുഗ്രഹമായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. എം.ബി.ബി.എസ് പഠനകാലത്ത് കൂടുതൽ സമയം രോഗികൾക്കൊപ്പം ചെലവഴിച്ചതിന്റെ അനുഭവം ആശുപത്രിയുടെ പ്രവർത്തനത്തിന് കരുത്ത് പകർന്നതായി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.
@ എന്നും ജനങ്ങൾക്കൊപ്പം
ആശുപത്രി വാർഷിക ദിനത്തിൽ സാധാരണക്കാരായ രോഗികൾക്ക് സൗജന്യ പരിശോധന നടത്താറുണ്ട്. കൂടാതെ ചേളന്നൂരിലെ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സയും നൽകുന്നു. റസിഡൻസ് അസോസിയേഷന്റെയും ക്ലബുകളുടെയും വാർഷിക യോഗങ്ങളിലും മറ്റും പ്രമേഹ രോഗത്തെക്കുറിച്ച് ക്ളാസുകൾ കൈകാര്യം ചെയ്യുന്നത് ഡോ.സുഷമയാണ്. പ്രമേഹം അസുഖം മാത്രമല്ല ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും
ബാധിക്കുന്ന ഒരവസ്ഥയാണ്. ശരിയായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും രോഗത്തെ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നാണ് ഡോക്ടറുടെ പക്ഷം.
@ നിറയെ അംഗീകാരങ്ങൾ
കേരള അസോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് (കാസ്ക് )സംസ്ഥാന സെക്രട്ടറി , ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ബാലുശ്ശേരി ബ്രാഞ്ച് സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ, പ്രൈവറ്റ് ഹോസ്പിറ്റൽ കോഴിക്കോട് പ്രതിനിധി എന്നീ പദവികൾ വഹിക്കുന്നു.
ജനമൈത്രി പൊലീസിൽ നിന്ന് സേവന മികവിന് പുരസ്കാരം നേടിയിട്ടുണ്ട്.
@ ഡയബറ്റിക് ക്ലിനിക്
ചൊവ്വാഴ്ചകളിൽ പ്രമേഹ രോഗികൾക്ക് പ്രത്യേക ഒ.പി നടത്തുന്നുണ്ട്. പ്രമേഹ രോഗികൾക്കാവശ്യമായ എല്ലാവിധ രക്ത പരിശോധനകളും ഡയബറ്റിക് ന്യൂറോപ്പതി, ഡയബറ്റിക് വാസ്കുലോപ്പതി െടസ്റ്റുകളും ആശുപത്രിയിലുണ്ട്.
@ ആശുപത്രിയുടെ മികവുകൾ
ലാബ്, ഇ.സി.ജി, ഫാർമസി, ഡയബറ്റിക് ക്ലിനിക്, കിടത്തി ചികിത്സാ സൗകര്യങ്ങൾ
@ കുടുംബം
കണ്ണൂർ സ്വദേശി അനിൽകുമാറാണ് ഭർത്താവ്. കോഴിക്കോട് മാതൃഭൂമിയിൽ ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ വിഭാഗം മേധാവിയായിരുന്നു. എൽ.എൽ.ബി കഴിഞ്ഞ് ഇപ്പോൾ കോഴിക്കോട് പ്രാക്ടീസ് ചെയ്യുന്നു. മകൻ ഡോ.വൈശാഖ് തരവത്ത്. ഭുവനേശ്വർ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയറിൽ എം.ഡി കഴിഞ്ഞു.