kargil

കോഴിക്കോട്: "എന്റെ മകൻ മരിച്ചിട്ടില്ല. സൈനികൻ ഒരിക്കലും മരിക്കുന്നില്ല,അവൻ പുനർജനിക്കുകയാണ്,​ ആയിരക്കണക്കിന് കുട്ടികളിലൂടെ..."

മറ്രൊരു കാർഗിൽ വിജയ് ദിവസ് കൂടി വരുമ്പോൾ കോഴിക്കോട് മാനാരിയിലെ വീട്ടിൽ ക്യാപ്റ്റൻ പി.വി.വിക്രമിന്റെ ഓർമ്മകൾക്കൊപ്പം ജീവിക്കുകയാണ് അച്ഛൻ ലെഫ്. കേണൽ പി.കെ.പി.വി പണിക്കരും കുടുംബവും.

കഴിഞ്ഞ ദിവസവും ബംഗളുരുവിൽ നിന്ന് വിദുഷി എന്ന പത്ത് വയസുകാരിയുടെ ഗ്രീറ്റിംഗ് കാർഡ് കിട്ടി. ദേശീയ പതാകയുടെ ചിത്രം വരച്ച് അവൾ എഴുതി. "അങ്ങയുടെ ത്യാഗത്തോട് ഒരു ജനതയെന്ന നിലയിൽ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു."

കണ്ടില്ലേ. ഈ സ്നേഹം, എന്റെ മകൻ ജീവിക്കുന്നത് കണ്ടില്ലേ...

പുതുതലമുറ ദേശാഭിമാന പ്രചോദിതരാവുന്നു കാർഗിലിന്റെ ഓർമ്മകളിൽ.

1999 ജൂൺ രണ്ടിനാണ് കാർഗിലിൽ ക്യാപ്റ്റൻ വിക്രം രക്തസാക്ഷിയായത്. പിന്നെ ഓരോ നിമിഷവും ഇന്ത്യൻ വിജയത്തിനായി കാത്തിരുന്നു. അത് ജൂലായ് 26 വരെ നീണ്ടു. ഇന്ന് അതിന്റെ ഓർമ്മ ദിനം. 527 സൈനികരുടെ ജീവത്യാഗത്തിന്റെ വിലയുള്ള ഓർമ്മദിനം.

അച്ഛൻ സേവനം അനുഷ്ഠിച്ച 141 ഫീൽഡ് റെജിമെന്റിൽ തന്നെയാണ് വിക്രമും എത്തിയത്. അഞ്ച് മുതൽ 14 വയസുവരെ അവിടെ ആയിരുന്നതിനാൽ സർവീസിൽ വിക്രമിന് അപരിചിതത്വം ഉണ്ടായിരുന്നില്ല. പക്ഷേ, മൂന്ന് വർഷമേ സർവീസിൽ ഉണ്ടായിരുന്നുള്ളൂ.

മരിക്കുന്നതിന് ആറ് ദിവസം മുമ്പ്,​ മേയ് 27ന് വിക്രം വിളിച്ചിരുന്നു.

"പപ്പാ ഞാൻ പോവുകയാണ്. സാഹചര്യം വളരെ മോശമാണ്. ഇനി സംസാരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല" - അതായിരുന്നു അവസാന വാക്കുകൾ. ജൂൺ രണ്ടിന് അറിയുന്നത് വിക്രമിന് പരിക്ക് പറ്റി എന്നാണ്. താനും സൈനികനാണെന്നും രണ്ട് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും സംഭവിച്ചത് പറയണമെന്നും ആവശ്യപ്പെട്ടു. അപ്പോഴാണ് ഷെല്ലാക്രമണത്തിൽ മരിച്ചെന്ന് അറിയിക്കുന്നത്. 5ന് ശരീരം കോഴിക്കോട്ട് എത്തിച്ചു. പട്ടാളക്കാരൻ കരയാൻ പാടില്ല. വിങ്ങൽ ഉള്ളിലടക്കി അവന് അവസാന സല്യൂട്ട് നൽകി.

മരണവിവരം അറിഞ്ഞപ്പോൾ അവന്റെ അമ്മയോടു പോലും പറഞ്ഞിരുന്നില്ല. ബംഗളൂരുവിൽ നിന്ന് വരുന്ന വഴിക്ക് രണ്ടാമത്തെ മകനെ എറണാകുളത്ത് നിന്ന് ഒപ്പം കൂട്ടിയിരുന്നു. പിന്നീടാണ് എല്ലാവർക്കും മനസിലായത്.

കോഴിക്കോട്ട് ജനിച്ച വിക്രമിന് നാടുമായി അടുത്ത ബന്ധമായിരുന്നു. സൈന്യത്തിലേക്ക് സെലക്‌ഷൻ കിട്ടുന്നതും ഇവിടെ വെച്ചാണ്. വെസ്റ്റ്ഹില്ലിലെ ആ മൈതാനത്തിന് പിന്നീട് വിക്രം മൈതാനി എന്ന് പേരിട്ടു.

ഇന്ത്യയെ കുറിച്ചും അതിർത്തിയെ കുറിച്ചും ഒക്കെ അറിയാൻ രാജ്യത്തെ എല്ലാ കുട്ടികൾക്കും മൂന്ന് വർഷം സൈന്യത്തിന്റെ അടിസ്ഥാന പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

കല്യാണി പണിക്കരാണ് വിക്രമിന്റെ അമ്മ. ഡോ. പി.വി. കേശവ് സഹോദരനാണ്.