pro

മുന്നൊരുക്കത്തിന് വേഗംകൂട്ടി

കോഴിക്കോട്: കൊവിഡ് രോഗികൾ ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യം ഒരുക്കുന്നതിൽ വേഗംകൂട്ടി ജില്ലാ ഭരണകൂടം. നിലവിലെ സ്ഥിതിയിൽ ആഗസ്റ്റ് അവസാനത്തോടെ മൂവായിരത്തിനും നാലായിരത്തിനുമിടയിൽ രോഗികൾ കൂടുമെന്നാണ് ജില്ലാ ആരോഗ്യ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുളള ജാഗ്രതയും ചികിത്സാ സൗകര്യം ഒരുക്കുകയുമാണ് നിലവിലെ ദൗത്യം. മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സാംബശിവ റാവു പ്രതിരോധ നടപടികൾ വിശദീകരിച്ചു. സബ് കളക്ടർ ജി.പ്രിയങ്ക, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുജിത് ദാസ്, ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, അഡീഷണൽ ഡി.എം.ഒ ആശാദേവി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

ആഗസ്റ്റോടെ 3000- 4000 രോഗികൾ

സജ്ജീകരണങ്ങൾ

# 370 വെന്റിലേറ്ററുകളും 750 ഓക്‌സിജൻ സിലിണ്ടറുകളും തയ്യാറായി

( 23 വെന്റിലേറ്ററുകൾ വാങ്ങാൻ എം.എൽ.എ ഫണ്ട് വിനിയോഗിക്കും)

# വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലുള്ളവർക്ക് കൊവിഡ് ടെസ്റ്റ്

# 12 മണിക്കൂറിനുള്ളിൽ പരിശോധനാഫലം

#പ്രായമായവരെയും മറ്റ് രോഗികളെയും സംരക്ഷിക്കാൻ പഞ്ചായത്തുകളിൽ കൊവിഡ് സെന്റുകൾ

# ചികിത്സയോടൊപ്പം പാലിയേറ്റീവ് വളണ്ടിയർമാരുടെ പരിചരണം

# രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൊവിഡ് ജാഗ്രത പോർട്ടലിൽ സൗകര്യം

# രോഗലക്ഷണമുളളവർക്ക് മെഡിക്കൽ ഓഫീസർ മുഖേന ടെലി കൺസൾട്ടേഷൻ
#ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കാൻ വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിൽ 118 സ്‌ക്വാഡുകൾ

# പൊലീസിന്റെ നേതൃത്വത്തിൽ ക്വിക്ക് റെസ്‌പോൺസിബിൾ ടീം

# നിരീക്ഷണത്തിന് ബൈക്ക് സ്‌ക്വാഡ് ഉൾപ്പെടെ പ്രത്യേക ടീം

# ബീച്ച് ആശുപത്രി കൊവിഡ് സ്‌പെഷ്യൽ ആശുപത്രിയാക്കും

# സ്വകാര്യ ആശുപത്രികളിലും ചികിത്സാ സൗകര്യം

# മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗകര്യം കൂട്ടും

ശ്രദ്ധിക്കേണ്ടത്

പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കണം

ബ്രേക്ക് ദ ചെയിൻ കർശനമായി അനുസരിക്കണം

കൊവിഡ് നിയന്ത്റണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

ഹാർബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും തിരിച്ചറിയൽ കാർഡുള്ളവർക്ക് മാത്രം പ്രവേശനം

ഹാർബറുകളിൽ ചില്ലറ വിൽപ്പന അനുവദിക്കില്ല.

11ക്ലസ്റ്ററുകൾ

രോഗ വ്യാപന തോത് വിലയിരുത്തി ജില്ലയിൽ 11 ക്ലസ്റ്ററുകളാണുളളത് . തൂണേരി ലാർജ് ക്ലസ്റ്ററായി തുടരുന്നു. കൊളത്തറ, വെള്ളയിൽ ക്ലസ്റ്ററുകൾ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒഴിവായി. ചെക്യാട്, ഒളവണ്ണ, പുതുപ്പാടി, തൂണേരി, വാണിമേൽ, വടകര, വില്യാപ്പള്ളി, മീഞ്ചന്ത, ഏറാമല, നാദാപുരം, കല്ലായി എന്നിവയാണ് ക്ലസ്റ്ററുകൾ.