സുൽത്താൻ ബത്തേരി: ബംഗളൂരുവിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച 62-കാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തലശ്ശേരി സെയ്താർപള്ളി ജെ.ടി റോഡിൽ കുഞ്ഞിപ്പറമ്പിൽ ആയിഷ നിവാസിൽ ലൈലയാണ് മരിച്ചത്. ഇന്നലെ 11 മണിയോടെയാണ് സംഭവം. ട്രൂനാറ്റ് പരിശോധനയിൽ ഇവർക്ക് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.
ബംഗളൂരുവിൽ മകനൊപ്പം താമസിച്ചുവന്ന ഇവർക്ക് പനിയെ തുടർന്ന് ന്യുമോണിയ സംശയിച്ചതോടെ ചികിത്സയ്ക്കായി നാട്ടിലേക്ക് ആംബുലൻസിൽ പുറപ്പെട്ടതാണ്. മുത്തങ്ങ പിന്നിട്ടപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിനിടെ കുഴഞ്ഞുവീഴുകയാണുണ്ടായത്. തുടർന്ന് മരണം സ്ഥിരീകരിച്ചു.
പനി വന്നതിന് പിറകെ വ്യാഴാഴ്ച ഇവരെ ബംഗളൂരുവിൽ കൊവിഡ് ടെസ്റ്റിന് വിധേയയാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. അവിടെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രികളിൽ സൗകര്യമില്ലെന്നു വന്നതോടെയാണ് തലശ്ശേരിയിലേക്ക് പുറപ്പെടേണ്ടി വന്നത്.
ലൈലയ്ക്കൊപ്പം ആംബുലൻസിൽ വന്നവരെ ക്വാറന്റൈനിലേക്ക് മാറ്റി. ഇവരുടെ സ്രവസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
കാസർകോട്ട് ഒരു കൊവിഡ് മരണം കൂടി
കാസർകോട്: കൊവിഡ് ബാധിച്ച് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പടന്നക്കാട്ടെ പരേതനായ അബ്ദുല്ലയുടെ ഭാര്യ നബീസ(75) മരിച്ചു. കടുത്ത പ്രമേഹത്തെ തുടർന്ന് നേരത്തെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച നബീസയുടെ നില ഗുരുതരമായതിനെ തുടർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണം നാലായി.കരൾ രോഗത്തെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാവണീശ്വരം തണ്ണോട്ടെ മാധവൻ, ഉപ്പളയിലെ നഫീസ, അണങ്കൂർ പച്ചക്കാട്ടെ ഖൈറുന്നീസ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റുള്ളവർ.
പരേതരായ മൊയ്തു-ആയിശ ദമ്പതികളുടെ മകളാണ് നബീസ. മക്കൾ; അൻവർ, സുബൈർ, സമീർ, പരേതയായ റംല.
കൊവിഡ്: പാലക്കാട് ഒരു മരണം കൂടി
കൊല്ലങ്കോട്: കൊവിഡ് സ്ഥിരീകരിച്ച പയല്ലൂർ ഗ്രാമം സുരേന്ദ്രന്റെ ഭാര്യ അഞ്ജലി (40) ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ജൂൺ മൂന്നിന് കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാളും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
തിരുപ്പൂരിൽ നിന്നെത്തിയ അഞ്ജലിയും മകൻ ആനന്ദും ക്വാറന്റൈനിലായിരുന്നു. കടുത്ത പ്രമേഹ രോഗിയായ അഞ്ജലിക്ക് 18ന് കുളിമുറിയിൽ വീണ് പരിക്കേറ്റു. 19ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചു. ഭർത്താവ് സുരേന്ദ്രൻ തിരുപ്പൂരിൽ ഗാർമെന്റ് കമ്പനി ജീവനക്കാരനാണ്. ഇളയ മകൻ അവിനാഷ്.
അഞ്ജലിയെ ആശുപത്രിയിലേക്കെത്തിക്കാൻ സഹായിച്ച വാർഡംഗം ഉൾപ്പെടെ ആറുപേരെ നിരീക്ഷണത്തിലാക്കി.
കൊവിഡ് ബാധിച്ച കാൻസർ രോഗി മരിച്ചു
കൊച്ചി: കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന കാൻസർ ബാധിതൻ മരിച്ചു. കോഴിക്കോട് കുറ്റ്യാടി തളിയിൽ ബഷീർ (53) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു അന്ത്യം. ലേക്ക് ഷോർ ആശുപത്രിയിൽ കീമോതെറാപ്പി ഉൾപ്പെടെ ചികിത്സകൾക്ക് വിധേയനായ ബഷീറിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.