കോഴിക്കോട്: കൊവിഡ് കാലത്തെ ഓൺലൈൻ പഠനം വിദ്യാർത്ഥികൾക്ക് നൽകിയത് ഇരട്ടി പ്രഹരം. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ സ്ക്രീനുകൾക്ക് മുന്നിലെ മണിക്കൂറുകൾ നീളുന്ന ഇരിപ്പുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പുറമെ താങ്ങാൻ കഴിയാത്ത പഠന ഭാരമാണ് കുട്ടികൾ ചുമക്കേണ്ടി വരുന്നത്. ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഓൺലൈൻ പഠനത്തിന്റെ പ്രധാന ഇരകൾ. അദ്ധ്യാപകർ വീഡിയോ രൂപത്തിലും യൂട്യൂബിലുമാണ് നോട്ടുകൾ തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നത്. ഇത്തരം വീഡിയോകളാകട്ടെ അര മണിക്കൂറും ഒരു മണിക്കൂറും ദൈർഘ്യമുള്ളവയായിരിക്കും. ഇവ ഡൗൺലോഡ് ചെയ്ത് നോട്ടുകൾ തയ്യാറാക്കുമ്പോഴേക്കും രാത്രി പത്തോ പന്ത്രണ്ടോ മണിയാകും. ഒരു ദിവസം ഒന്നിൽ കൂടുതൽ അദ്ധ്യാപകർ നോട്ടുകൾ അയച്ചാൽ കുട്ടികളുടെ ഉറക്കം തന്നെ ഇല്ലാതാവുന്ന അവസ്ഥ. ഓൺലൈൻ പരീക്ഷകളും 'പരീക്ഷണ'മാവുകയാണ്. ഒഴിവു ദിവസങ്ങളിലും നീളുന്നുണ്ട് ചില വിഷയങ്ങളുടെ ഓൺലൈൻ പരീക്ഷകൾ. ഇന്റർനെറ്റ് തകരാറും വൈദ്യുതിയുടെ ഒളിച്ചുകളിയും വലിയ പ്രയാസമാണ് കുട്ടികളിലുണ്ടാക്കുന്നത്. ഒന്നിലധികം കുട്ടികൾ പഠിക്കുന്ന വീടുകളാണെങ്കിൽ പല അദ്ധ്യാപകരുടെ ഗ്രൂപ്പുകൾ ഒരേ ഫോണിൽ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ കുട്ടികളും അദ്ധ്യാപകരും തമ്മിലുളള ആശയവിനിമയം മുറിഞ്ഞുപോവുകയാണ്. ക്ലാസുകൾ, പരീക്ഷകൾ, നോട്ടുകൾ, വിദ്യാഭ്യാസ വീഡിയോകൾ, ക്വിസ് പ്രോഗ്രാമുകൾ, അസൈൻമെന്റുകൾ, വീഡിയോ കോൺഫറൻസിംഗ്, മൂഡിൽ പോലുള്ള ലേണിംഗ് പ്ലാറ്റ് ഫോമുകൾ വഴിയും ആപ്പുകളിലൂടെയും ലഭിക്കുന്ന പഠന സഹായികൾ എന്നിവയെല്ലാം ചേരുന്നതാണ് ഓൺലൈൻ പഠനം.
ആരോഗ്യ പ്രശ്നങ്ങൾ
കണ്ണിന് അസ്വസ്ഥത, വിങ്ങൽ, കണ്ണിൽ ചുവപ്പ്, കണ്ണിൽ വെള്ളം നിറയൽ, തലവേദന, മങ്ങിയ കാഴ്ച, കണ്ണിന് വരൾച്ച. നേരിട്ടുള്ള ആശയവിനിമയം കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കും.
@ ഭാരം അദ്ധ്യാപകർക്കും
അദ്ധ്യാപകർക്കും ഓൺലൈൻ ക്ലാസുകൾ ജോലിഭാരം കൂട്ടി. പഠിപ്പിക്കുന്നതിനൊപ്പം യൂട്യൂബ് വീഡിയോ തയ്യാറാക്കാൻ മണിക്കൂറുകളാണ് ചെലവഴിക്കേണ്ടി വരുന്നത്. ക്ലാസുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും പാഠഭാഗം മനസിലാവുന്നുണ്ടോയെന്ന് അറിയാനും കഴിയുന്നില്ല
" പലപ്പോഴും ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ വിദ്യാർത്ഥികൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോയെന്നും സംശയമാണ് . കുട്ടികളുടെ മുൻധാരണ പലപ്പോഴും അളക്കാൻ സാധിക്കാറില്ല." വിപുലേഷ് -കോളേജ് അദ്ധ്യാപകൻ
ഒഴിവു ദിവസം പലപ്പോഴും കിട്ടാറില്ല. രാത്രി പന്ത്രണ്ടും ഒരു മണിക്കുമാണ് ഉറക്കം. " അർജുന വിദ്യാർത്ഥിനി