കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതികൾക്കായി മലപ്പുറം കേന്ദ്രീകരിച്ച് അന്വേഷണം. മാങ്കാവിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി മൂവരും മലപ്പുറത്തേക്കാണ് പോയതെന്ന് പൊലീസിന് സൂചനയുണ്ട്. നഗരത്തിലെ വിവിധ സ്ഥലങ്ങളിലും പരിശോധന ശക്തമാക്കി. മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന ഷഹൽ ഷാനുവാണ് വിചാരണത്തടവുകാരായ ബേപ്പൂർ ചെറുപുരക്കൽ അബ്ദുൽ ഗഫൂർ (40), താമരശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖ് (29), എറണാകുളം മട്ടാഞ്ചേരി ജൂതപറമ്പിലെ നിസാമുദ്ദീൻ (24) എന്നിവരെ രക്ഷപ്പെടാൻ സഹായിച്ചത്. സെൽ തുറന്ന് കൊടുത്താൻ ഷാനുവിനെ ഒപ്പം കൂട്ടാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു പ്രതികൾ രക്ഷപ്പെടാൻ വഴി ഒരുക്കിയത്. ജയിലിൽ മാനസികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്നാണ് മൂവരെയും മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.

കുതിരവട്ടത്ത് നിന്ന് തിരുവനന്തപുരത്തെത്തിയ ഷഹൽ ഷാനുവിനെ താനൂർ പൊലീസിന്റെ സഹായത്തോടെ പിടികൂടിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവർ ഷാനുവിനെ തിരിച്ചറിയുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് സി.ഐ ബിജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാനുവിനെ വലയിലാക്കിയത്. കാണാതായവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് നാലുപേരും മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ നിന്ന് രക്ഷപ്പെട്ടത്.