കോഴിക്കോട്: മലാപ്പറമ്പ് ഫ്ളോറിക്കൻ ഹില്ലിലെ പട്ടേരി ജനാർദ്ദനനും ഭാര്യ മിനിജ ജനാർദ്ദനനും അബുദാബിയിലെ വീട്ടിൽ ജീവനൊടുക്കിയത് ഇരുവർക്കും ജോലി നഷ്ടപ്പെട്ട മനോവിഷമത്തിലാണെന്ന് സൂചന.
പതിനെട്ടു വർഷമായി ഇവർ അബുദാബിയിലാണ്. ജനാർദ്ദനൻ ട്രാവൽ ഏജൻസിയിൽ അക്കൗണ്ട്സ് ഓഫീസറായിരുന്നു. മിനിജ സ്വകാര്യ സ്ഥാപനത്തിൽ ഓഡിറ്റ് അസിസ്റ്റന്റും.
കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ട് പേർക്കും ജോലി നഷ്ടപ്പെട്ടു. ഇത് കാരണം മാസങ്ങളായി വാടക പോലും നൽകാൻ സാധിക്കാതെ വിഷമിക്കുകയായിരുന്നു. ജോലിയൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നാലുണ്ടാവുന്ന അവസ്ഥ ഓർത്താവാം ജീവനൊടുക്കിയതെന്ന് കരുതുന്നു.
ജനാർദ്ദനൻ പട്ടേരി തറവാട്ടംഗമാണ്.
ഏക മകൻ സുബൈൽ ബംഗളൂരുവിൽ എച്ച് പി യിൽ എൻജിനിയറാണ്. കഴിഞ്ഞ പോലെ അച്ഛനെ വിളിച്ചെപ്പോൾ ഫോൺ എടുത്തില്ല. പിന്നീട് മാറിമാറി രണ്ടു പേരെ വിളിച്ചെങ്കിലും ലൈനിൽ കിട്ടിയില്ല. തുടർന്ന് അവിടെയുള്ള സുഹൃത്ത് ശ്രീജിത്തിനെ വിളിച്ചു. അദ്ദേഹവും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി. പൊലീസിൽ വിവരമറിയിച്ചതോടെ അവർ താമസസ്ഥലത്ത് എത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.