covid

വടകര: സമയബന്ധിതമായി കൊവിഡ് രോഗികൾക്കുളള കിടത്തി ചികിത്സാ സൗകര്യമൊരുക്കി അഴിയൂർ ഗ്രാമപഞ്ചായത്ത് . 50 പേരെ ചികിത്സിക്കാനുളള സൗകര്യമാണ് ഏഴാം വാർഡിലെ മദ്രസത്തുൽ ബനാത്തിൽ ഒരുക്കിയത്. വ്യക്തികൾ, സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവരും പൊതുജനങ്ങളും സൗകര്യങ്ങളൊരുക്കാൻ മുന്നിൽ നിന്നു. പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തലസഹായമുണ്ടായി. ഡോക്ടമാർ മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെ ഉടൻ നിയമിക്കും. കിടത്തി ചികിത്സാ കേന്ദ്രത്തിൽ പൾസ് ഓക്സിമീറ്റർ സംവിധാനം ഒരുക്കണമെന്ന് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മാനേജ്മെന്റ് കമ്മിറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച 8 അദ്ധ്യാപകരുടെയും ഏഴാം വാർഡ് ആർ.ആർ.ടിയുടെയും നേതൃത്വത്തിലാണ് കെട്ടിടം സജ്ജമാക്കിയത്. അതെസമയം കൊവിഡ് പോസിറ്റീവ് രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അടച്ചിട്ട മുക്കാളി ടൗൺ ഇന്നുമുതൽ തുറക്കും. അവശ്യ സർവീസ് കടകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ 6 മണി വരെയാണ്. എന്നാൽ രോഗിയുമായി നേരിട്ട് സമ്പർക്കമുള്ള മുക്കാളിയിലെ കുലക്കട തുറക്കാൻ പാടില്ല. സമ്പർക്കമുളളവർ ഉൾപ്പെടെ 75 പേർക്ക് ചൊവ്വാഴ്ച പി.എച്ച്.സിയിൽ കൊവിഡ് ടെസ്റ്റ് നടത്തും. കിടത്തി ചികിത്സാ കേന്ദ്രത്തിൽ ശുചിത്വ വളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് ഇന്ന് രാവിലെ 11 മണിക്ക് പരിശീലനം നൽകുന്നതാണ്. അജൈവ മാലിന്യ സംസ്കരണത്തിന് പഞ്ചായത്ത് സ്പോൺസർഷിപ്പിലൂടെ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതാണ്. മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് വി.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ അനിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, വാർഡ് മെമ്പർ വഫ ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.ഉഷ, നോഡൽ ഓഫീസർ എം.വി.സിദ്ധീഖ്, ചാർജ് ഓഫീസർ സി.എച്ച്.മുജീബ് റഹ്മാൻ, വാർഡ് ആർ.ആർ.ടി കെ.കെ. പി ഫൈസൽ, കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.