കുന്ദമംഗലം: പ്രതിസന്ധിയിലായ വ്യാപാര മേഖലയെ സംരക്ഷിക്കാൻ കൊവിഡ് പാക്കേജ് പ്രഖ്യാപിക്കണമെന്നും അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കേരള റീട്ടെയിൽ ഫുട്ട്‌വേർ അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും മാനദണ്ഡങ്ങൾ ലംഘിച്ച് പാതയോരങ്ങളിലും വാഹനങ്ങളിലും നടത്തുന്ന കച്ചവടം ലൈസൻസും ജി.എസ്.ടി രജിസ്ട്രേഷനും ലേബർ രജിസ്ട്രേഷനും ഉൾപ്പെടെ ഭീമമായ നികുതി നൽകി നിയമ വിധേയമായി വ്യാപാരം ചെയ്യുന്നവരെ പ്രതിസന്ധിയിലാക്കുകയാണ്.സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വ്യാപാരികൾക്ക് കേരള ബാങ്ക് വഴി പലിശ രഹിത വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ മന്ത്രിയ്ക്കും നിവേദനം നൽകി. ഓൺലൈൻ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.എൻ.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നൗഷൽ തലശ്ശേരി, ട്രഷറർ കെ .ഹരികൃഷ്ണൻ കോഴിക്കോട്, നാസർ പാണ്ടിക്കാട്, ധനീഷ് ചന്ദ്രൻ തിരുവനന്തപുരം, സവാദ് പയ്യന്നൂർ, അൻവർ വയനാട്, ഹമീദ് കാസർകോട് എന്നിവർ പങ്കെടുത്തു.