താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള കൂടത്തായി തോണിക്കടവ് ഗ്രൗണ്ട് കൈയേറിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനകീയ മൈതാന സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഗ്രൗണ്ട് നശിപ്പിച്ചിരുന്നു. മൈതാനം നശിപ്പിച്ചതോടെ മേഖലയിലെ കായിക പുരോഗതിക്ക് തടസമാകും. ഗ്രൗണ്ട് പൂർവ സ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കണം. പ്രദേശവാസികളുടെയും വിവിധ ക്ലബ് പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ജനകീയ ഗ്രൗണ്ട് സംരക്ഷണ സമിതിക്ക് രൂപം നൽകി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് വനാസ് ഈർപ്പോണ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി. മുഹമ്മദ്, റസീന സിയാലി, ബ്ലോക്ക് പഞ്ചായത്തംഗം മൈമൂന ഹംസ എന്നിവർ രക്ഷാധികാരികളും കുന്നംവള്ളി മുഹമ്മദ് (ചെയർമാൻ) വി.ഡി. രാജീവൻ (കൺവീനർ), മുനീർ ബാപ്പു (ട്രഷറർ) എന്നിവർ ഭാരവാഹികളായുമാണ് സംരക്ഷണ സമിതി രൂപീകരിച്ചത്.