homedeli

കോഴിക്കോട്: കൊവിഡ് കെടുതിയെ അതിജീവിക്കാൻ പലവഴികൾ തേടുന്ന കൂട്ടത്തിൽ പുതുമയായിട്ടുണ്ട് നാട്ടിൻ പുറത്തെ ന്യൂ ജെൻ ഹോം ഡെലിവറി. വൻകിട കമ്പനികളുടെ ഉത്പ്പന്നങ്ങളല്ല, വീട്ടിലുണ്ടാക്കുന്ന പലതരം വിഭവങ്ങളുമായാണ് ഇവർ വീട്ടുപടിക്കലെത്തുന്നത്. ലോക്ക് ഡൗണിൽ ജോലി പോയ ഫ്രീക്കൻമാരാണ് ഡെലിവറി ബോയിമാരിൽ ഏറെയും. ഗ്രാമങ്ങളിൽ ഹോം ഡെലിവറി സജീവമായതോടെ ഇക്കൂട്ടരെ ചാക്കിലാക്കാൻ ഇടത്തരം സംരംഭകരും രംഗത്തെത്തിയിട്ടുണ്ട് . ദിവസവും കോമ്പോ ഓഫറുകൾ നൽകിയും വിലകുറച്ചും ഉപഭോക്താക്കളെ മോഹിപ്പിക്കുകയാണ് തന്ത്രം. ഇതിനായി പ്രത്യേക ആപ്പുകൾ തയ്യാറാക്കി സോഷ്യൽ മീഡിയ വഴി പറപറത്തുന്നുണ്ട്. അറേബ്യൻ, ചൈനീസ് ഡിഷുകൾ മുതൽ തനി ചക്കക്കുരു ഫ്രൈ വരെയുണ്ട് ഇവരുടെ മെനുക്കാർഡിൽ. വാട്സ് ആപ്പ് സ്റ്റാ​റ്റസുകളായും ഫേസ് ബുക്ക് പോസ്​റ്റുകളായും വലവിരിച്ച് ആളുകളെ 'വീഴ്‌ത്തുക'യാണ്.

 വീട്ടമ്മമാരും മോശക്കാരല്ല

വെറുതെയിരിപ്പിന്റെ ബോറടി മാറ്റാൻ പലഹാരങ്ങളും മറ്റുമുണ്ടാക്കി വിപണി തേടുന്നതിൽ നമ്മുടെ

വീട്ടമ്മമാരും മോശക്കാരല്ല. ബേക്കറികളിലും വീടുകളിലും 'വീട്ടമ്മ സ്പെഷ്യലി' ന് പ്രിയമേറിയിട്ടുണ്ട്. ബേക്കറികളിൽ ജോലി ചെയ്തിരുന്ന അന്യദേശക്കാരായ ഷെഫുമാർ നാടുവിട്ടതോടെയാണ് വീട്ടമ്മമാരുടെ കൈപുണ്യത്തിന് ഇടം കിട്ടിയത്. കേക്കുകൾ, ഉണ്ണിയപ്പം, ലഡു, തുടങ്ങിയ പലഹാരങ്ങളാണ് പ്രധാനമായും നൽകുന്നത്. വീട്ടിൽ തയ്യാറാക്കുന്ന കേക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്. വാട്‌സ് ആപ്പ് സ്റ്റാ​റ്റസുകളിലൂടെയും ഫേസ് ബുക്ക് പോസ്റ്റുകളിലൂടെയും ഓർഡർ സ്വീകരിച്ചാണ് കേക്ക് വിൽപ്പന. ലോക്ക് ഡൗണിന് മുന്നെ ബേക്കറികളും ഹോട്ടലുകളും ഹോം ഡെലിവറി തുടങ്ങിയതിനാൽ ആവശ്യക്കാർ അതുവഴിയുമെത്തുന്നു.

 താരം കേക്കുകൾ
വീടുകളിൽ തയ്യാറാക്കുന്ന കേക്കുകളാണ് ഹോം ഡെലിവറിക്കാരുടെ പ്രധാന ഇനം. ഇവ മാത്രം വീട്ടിലുണ്ടാക്കി അടുത്ത പ്രദേശങ്ങളിലും പരിചയക്കാർക്കും ഹോം ഡെലിവറി ചെയ്യുന്ന സംരംഭകർ ഏറെയുണ്ട്. 300 രൂപ മുതലാണ് കേക്കുകളുടെ വില. ബ്ലാക്ക്‌ ഫോറസ്റ്റ്, വൈ​റ്റ്‌ ഫോറസ്റ്റ്, റെഡ്‌ വെൽവെ​റ്റ് തുടങ്ങിയ കേക്കുകൾക്കാണ് ഡിമാൻഡ്. പിറന്നാളിനും മ​റ്റും ഹോം മെയ്ഡ് കേക്കുകൾക്ക് ആവശ്യക്കാർ ഏറിയതോടെ വീട്ടിലെ കേക്ക് വിപണിയിലും താരമായി.

' ചിക്കൻ, പച്ചക്കറികൾ, മരുന്ന് തുടങ്ങി എല്ലാ സാധനങ്ങളും വീടുകളിൽ എത്തിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ സൗജന്യമായി എത്തിക്കും. ദൂരെയാണെങ്കിൽ 15 രൂപ സർവീസ് ചാർജ് ഈടാക്കും. മികച്ച പ്രതികരണമാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത് '- എ.പി.ജിഹാദ്.

ഹോം ഡെലിവറി സംരംഭകൻ.

'വീട്ടിൽ നിന്നുണ്ടാക്കുന്ന പലഹാരങ്ങൾ ബേക്കറിയിൽ കൊടുക്കുന്നുണ്ട്. അയൽക്കാരും കുടുംബക്കാരുമാണ് ചോദിച്ചെത്തുന്നത്. സമയം പോകുന്നതോടൊപ്പം നല്ലൊരു വരുമാനം കൂടിയാണ് '- ജയശ്രീ (വീട്ടമ്മ)