കോഴിക്കോട്: കൺസൾട്ടൻസികളുടെ മറവിൽ സംസ്ഥാന സർക്കാർ തട്ടിയ കോടികൾ സി.പി.എമ്മിന് വേണ്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്വർണക്കടത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയും സർക്കാരിനെ പിന്തുണയ്ക്കുകയാണ്. കെ. ഫോൺ പദ്ധതിയിൽ 500 കോടിയുടെ അഴിമതിയുണ്ടായി. സി.പി.എം ബന്ധമുള്ള സഹകരണ സ്ഥാപനമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്.
കെ.പി.എം.ജി ക്ക് 2016 ജൂൺ മുതൽ കൺസൾട്ടൻസി നൽകി തുടങ്ങിയിരുന്നു. പിന്നീട് റീബിൽഡ് കേരളയിലേക്കും കടന്നതോടെ വലിയ വിവാദമാവുകയായിരുന്നു. അഴിമതിപ്പണം സി.പി.എമ്മിലേക്ക് എത്തുന്നതിനാലാണ് അന്വേഷണങ്ങൾ എങ്ങുമെത്താതെ പോയത്.
മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി സ്ഥാപനത്തിന് സഹായം നൽകിയവർ ആരൊക്കെയെന്ന് വ്യക്തമാക്കണം. സ്വർണക്കടത്ത് കേസ് ശിവശങ്കറിന്റെയും സ്വപ്നയുടെയും തലയിലിട്ട് രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.