കോഴിക്കോട്: കക്കോടി ഗ്രാമപഞ്ചായത്തിൽ സജ്ജീകരിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മന്ത്രി എ.കെ.ശശീന്ദ്രൻ സന്ദർശിച്ചു. പടിഞ്ഞാറ്റുംമുറി കണ്ണാടിച്ചാൽ എം.ഇ.എസ് കോളേജ് ഒഫ് ആർക്കിടെക്ചറിലാണ് ഈ ചികിത്സാകേന്ദ്രം.

ബഹുജന പങ്കാളിത്തത്തോടെ ഒരുക്കിയ കേന്ദ്രത്തിലെ സൗകര്യങ്ങൾ മന്ത്രി വിലയിരുത്തി. കണ്ടെയിൻമെന്റ് സോണായി മാറിയ പത്താം വാർഡിലെ നൂറു പേർക്ക് ഇവിടെ ആന്റിജൻ പരിശോധന നടത്തും.

ജില്ലാകളക്ടർ എസ്. സാംബശിവറാവു, സബ്കളക്ടർ ജി.പ്രിയങ്ക, ഡെപ്യൂട്ടി കളക്ടർ ഇ.അനിത കുമാരി, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോജക്ട് മാനേജർ ഡോ.നവീൻ, കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചോയിക്കുട്ടി, വൈസ് പ്രസിഡന്റ് എം.ഷാഹിദ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മോഹനൻ, പഞ്ചായത്ത് സെക്രട്ടറി യു.കെ.രാജൻ തുടങ്ങിയവർ മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.