bjp
bjp

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ 1000 കേന്ദ്രങ്ങളിൽ ബി.ജെ.പിയുടെ നിൽപ്പ് സമരം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള കേന്ദ്രങ്ങളിലാണ് സമരം നടന്നത്.
അത്തോളി ഗ്രാമപഞ്ചായത്ത് മൊടക്കല്ലൂരിലെ കുന്നുമ്മലിൽ നടന്ന സമരത്തിന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേതൃത്വം നൽകി. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹരി പനങ്കുറ, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.അനിൽ,യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ലിബിൻ ഭാസ്‌ക്കർ തുടങ്ങിയവർ പങ്കെടുത്തു.

തളിയിൽ ബി.ജെ.പി ജില്ല കമ്മിറ്റി ഓഫീസിന് സമീപം നടത്തിയ സമരം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, ജില്ലാ ട്രഷറർ വി.കെ. ജയൻ, സെക്രട്ടറി എം. രാജീവ് കുമാർ എന്നിവർ പങ്കെടുത്തു.

കോഴിക്കോട് സൗത്ത് മണ്ഡലംതല ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് മുതലക്കുളത്ത് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അജയ് കെ. നെല്ലിക്കോട്, സി.പി. മണികണ്ഠൻ, സാബു കൊയ്യേരി, അഭിലാഷ്, അക്ഷയ് ഠക്കർ എന്നിവർ പ്രസംഗിച്ചു