കോഴിക്കോട്: കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഐ.ടി വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികളെ കുറിച്ച് സമഗ്ര അന്വേഷണം നടക്കേണ്ടതുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് അഴിമതിയുടെ പ്രധാന ഗുണഭോക്താവ്. ലാവ്‌ലിൻ അഴിമതിയെ വെല്ലുന്നതാണിവ.

സ്വർണക്കടത്ത് കേസിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം സംഘടിപ്പിച്ച നില്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ ഫോൺ, ഇ മൊബിലിറ്റി പദ്ധതികൾക്ക് പിന്നിൽ കോടികളുടെ അഴിമതിയുണ്ട്. കേന്ദ്ര സ്ഥാപനമായ 'ബെല്ലി'ന്റെ പേരു പറഞ്ഞ് കെ ഫോൺ അഴിമതിയിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. കൺസോർഷ്യത്തിലെ ഒരു കമ്പനി മാത്രമാണ് ബെൽ. ബാക്കി രണ്ടു കമ്പനികളിൽ ഒന്ന് കൊറിയൻ വിലാസമുള്ള ചൈനീസ് കമ്പനിയാണ്. മറ്റൊന്ന് സി.പി.എമ്മിന് സ്വാധീനമുള്ള സ്ഥാപനവും.