കൽപ്പറ്റ: കൊവിഡ്‌രോഗ മാനദണ്ഡങ്ങൾ ലംഘിച്ച്‌ മാസ്‌ക്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയതിന് ജില്ലയിൽ ഇതുവരെ 3042 പേർക്കെതിരെ കേസെടുത്തു. ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന്100 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജനങ്ങൾ മാസ്‌ക്ക് ധരിച്ചും, സാമൂഹിക അകലം പലിച്ചും സാമൂഹിക ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ജില്ലാ പൊലീസ്‌ മേധാവി ആർ.ഇളങ്കോ അറിയിച്ചു.
പൊതു ഇടങ്ങളിൽ നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന നിർദ്ദേശം വന്ന മെയ് മാസത്തിൽ 518ഉം, ലോക്ക് ഡൗണിന്റെ ഒന്നാംഘട്ട അൺലോക്ക് തുടങ്ങിയ ജൂണിൽ 1448ഉം, രണ്ടാംഘട്ട അൺലോക്ക് തുടങ്ങിയ ജൂലൈയിൽ ഇന്നലെ വരെ 1076ഉം പെറ്റികേസുകൾ എടുത്തിട്ടുണ്ട്.

വിദേശത്ത്നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരോടും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം നടത്തിയവരോടും അധികൃതർ ക്വാറന്റൈൻ നിർദേശം നൽകുന്നുണ്ട്. നിർദേശം ലംഘിച്ച്‌ പുറത്തിറങ്ങിയവർക്കെതിരെ സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരുന്ന മാർച്ചിൽ 23, ഏപ്രിലിൽ 19, മെയ് മാസത്തിൽ 14, അൺലോക്ക് ഒന്നാംഘട്ടമായ ജൂണിൽ 15, ജൂലായിൽ 29 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

1615 അറസ്റ്റ്‌

ക്വാറന്റൈൻ ലംഘനം ഉൾപ്പെടെ ലോക്ക്ഡൗൺ നിയമലംഘനം നടത്തിയതിനും, കൊവിഡ്‌ രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനും ജില്ലയിൽ ഇതുവരെ 9205 ആളുകളെ പ്രതിച്ചേർത്ത് 6492കേസുകൾ രജിസ്റ്റർ ചെയ്യുകയും 1615പേരെ അറസ്റ്റ്‌ചെയ്യുകയും 3647വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 3547വാഹനങ്ങൾ വിട്ടുകൊടുത്തു.

ഇതിൽ ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ചതിന് 6385കേസുകളും, ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചതിന്100കേസുകളും, സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയതിന് 7കേസുകളുമാണ് എടുത്തിട്ടുള്ളത്.

വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ എടുത്ത കേസുകളുടെ എണ്ണം ഇപ്രകാരമാണ്: കൽപ്പറ്റ (405), മേപ്പാടി(388), വൈത്തിരി(254), പടിഞ്ഞാറത്തറ(280), മീനങ്ങാടി(704), കമ്പളക്കാട്(375), പനമരം(480), ബത്തേരി(464), അമ്പലവയൽ(319), പുൽപ്പള്ളി(516), കേണിച്ചിറ(419), മാനന്തവാടി(610), വെള്ളമുണ്ട(263), തിരുനെല്ലി(287), തലപ്പുഴ(196), തൊണ്ടർനാട്(265), നൂൽപ്പുഴ(267).

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് തുടർന്നും കർശന നിയമനടപടികളെടുക്കുമെന്ന് ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു.

കൊവിഡ്‌ അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്റെയും നിർദേശങ്ങൾ പാലിച്ച് പൊതുഇടങ്ങളിൽ പെരുമാറണം. ആർക്കും ആരിൽനിന്നും രോഗം പകരാം. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചും പെരുമാറണം. നമ്മൾ കാരണം മറ്റൊരാളിലേക്ക്‌ രോഗം പകരാതിരിക്കാനും മറ്റൊരാളിൽനിന്ന് രോഗം പകരാതിരിക്കാൻ സ്വയം നിയന്ത്രിക്കാനും, നമ്മൾ കാരണം ഒരു മേഖലതന്നെ സ്തംഭിക്കാൻ ഇടവരാതിരിക്കാനും ശ്രദ്ധിക്കണം.

ആർ.ഇളങ്കോ

ജില്ലാ പൊലീസ്‌ മേധാവി