താമരശ്ശേരി: മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കഴിഞ്ഞ ദിവസം ചിലർ നശിപ്പിച്ച കൂടത്തായി തോണിക്കടവ് മൈതാനം സംരക്ഷിക്കും. സ്ഥലം സന്ദർശിച്ച പഞ്ചായത്ത് ഭരണ സമിതിയാണ് ഇക്കാര്യത്തിൽ ജനങ്ങൾക്ക് ഉറപ്പ് നൽകിയത്. താമരശ്ശേരി പഞ്ചായത്തിന്റെ അധീനതയിൽ ഇരുതുള്ളിപ്പുഴയോരത്തെ മൈതാനത്തിൽ സ്റ്റേഡിയം ഉൾപ്പെടെ നിർമ്മിച്ച് സ്‌പോർട്‌സ് ഹബ്ബാക്കാനാണ് തീരുമാനം. പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഗ്രൗണ്ട് സംരക്ഷണം ലക്ഷ്യമിട്ട് 2015-16 സാമ്പത്തിക വർഷം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ വകയിരുത്തി പുഴയോരം കെട്ടി പൊക്കിയിരുന്നു.