സുൽത്താൻ ബത്തേരി: ബത്തേരി പട്ടണത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട മൂന്ന് പേർക്കുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ബത്തേരിയിലെ മൊത്ത പലചരക്ക് കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ തൊഴിലാളികളിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 21 ആയി.

രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ ബത്തേരിയിൽ ജാഗ്രത ശക്തമാക്കി. ബത്തേരി സർവ്വജന ഹൈസ്‌കൂളിൽ നടന്ന മൊബൈൽ മെഡിക്കൽ ടീമിന്റെ ആന്റിജൻ പരിശോധനയിലാണ് ഒരു മൂന്ന് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള 88 പേരെയാണ് ഇന്നലെ ആന്റിജൻ ടെസ്റ്റിന് വിധേയമായത്. ഇതിലാണ് മൂന്ന്‌ പേരുടെ ഫലം പോസിറ്റീവായി കാണപ്പെട്ടത്. രോഗവ്യാപനം ഉണ്ടായ സ്ഥാപനത്തിലെ ബീനാച്ചി സ്വദേശിയായ ജീവനക്കാരന്റെ സഹോദരനും ഭാര്യയ്ക്കും, ചെതലയം സ്വദേശിയായ സ്ഥാപനത്തിലെ മറ്റൊരാളുടെ മൂന്ന് വയസുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്.

ഞായറാഴ്ച താലൂക്ക് ആശുപത്രിയിൽ നടന്ന പരിശോധനയിൽ ഏഴ്‌ പേർക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി. നേരത്തെ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന കൊവിഡ് പരിശോധനയിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രോഗവ്യാപനം രൂക്ഷമായതിനാൽ വരും ദിനങ്ങളിലും പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും തുടരാനാണ് തീരുമാനം. ഇന്ന് മൂന്ന് കേന്ദ്രങ്ങളിലായി കൊവിഡ് പരിശോധന നടക്കും.

രോഗ ബാധിതരുടെ സമ്പർക്കപട്ടിക വലുതായതിനാൽ ഇക്കഴിഞ്ഞ ജൂലായ് 5 മുതൽ മലബാർ ട്രേഡിംഗ് കമ്പനി സന്ദർശിച്ചവരും ഇവരുമായ സമ്പർക്കം പുലർത്തിയവരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ബത്തേരിയിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെ ജീവനക്കാരുമായി സമ്പർക്കമുണ്ടായ ചെതലയം ടൗണിലെ സെൻട്രൽ ബാങ്ക് ശാഖ, റേഷൻ കട, ബാർബർഷാപ്പ്, പലചരക്ക് കടകൾ, ബീനാച്ചിയിലെ സൂപ്പർ മാർക്കറ്റ് എന്നിവ ആരോഗ്യവകുപ്പ് ഇടപെട്ട് അടപ്പിച്ചു.



പലചരക്ക് കടയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു
സുൽത്താൻ ബത്തേരി: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സമ്പർക്കം വഴി രോഗം പടരാനും ഇടയായ ബത്തേരിയിലെ പലചരക്ക് മൊത്തവ്യാപര സ്ഥാപനമായ മലബാർ ട്രേഡിംഗ് കമ്പനിയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. 1994-ലെ മുനിസിപ്പൽ ആക്ടും, കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസും ലംഘിച്ച് കച്ചവടം ചെയ്തതായി നഗരസഭാ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് സസ്‌പെന്റ് ചെയ്തത്.‌


ഫോട്ടോ
മൊബൈൽ മെഡിക്കൽ ടീം ബത്തേരി സർവ്വജന സ്‌കൂളിൽ വെച്ച് കൊവിഡ് പരിശോധന നടത്തുന്നു.