covid-

 വീടുകളിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ഒരേ വീട്ടിൽ മൂന്നും നാലും പേർക്ക് കൊവിഡ് പിടിപെടുന്ന കുടുംബങ്ങളുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നതും മരിക്കുന്നവരുടെ എണ്ണം കൂടുന്നതും ആശങ്കയേറ്റുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ കുടുംബങ്ങളിൽ കൂട്ടത്തോടെ വരുന്നത് വ്യാപകമാവുന്നതിൽ ആരോഗ്യ വകുപ്പ് ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. വീടുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പുണ്ട്. കൊവിഡ് ബാധിച്ച് അമ്മയും മകളും മരിച്ചത് അടുത്തടുത്ത ദിവസങ്ങളിലാണ്. ഇന്നലെ മരിച്ച മറ്റൊരു ബന്ധുവിന്റെ പരിശോധനാഫലം വരാനുണ്ട്.


പുറത്തിറങ്ങുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതാണ് വീടുകളിലുള്ളവർക്ക് രോഗം വരാനിടയാക്കുന്നത്. വീടുകളിൽ നിന്നു പുറത്തു പോകുന്നവർ പ്രതിരോധ മുൻകരുതൽ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വീടുകളിലും മാസ്‌ക് ശീലമാക്കുന്നത് രോഗബാധ തടയാൻ സഹായിക്കും.

15 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവാക്കൾ, കുട്ടികൾ എന്നിവരാണ് കൂടുതലായും വീടിനു പുറത്തുപോകുന്നത്. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെ ആളുകളുമായി ഇടപഴകി തിരിച്ചെത്തുന്നത് വീടുകളിലുള്ളവർക്ക് രോഗം പകരാനിടയാക്കുകയാണ്. 60ന് മുകളിലും 10ന് താഴെയും പ്രായമുള്ളവർ, ശ്വാസകോശ രോഗമുള്ളവർ, വൃക്ക രോഗികൾ, പ്രമേഹരോഗികൾ, ഹൃദ്രോഗികൾ തുടങ്ങിയവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇത്തരക്കാരിൽ മരണത്തിനു വരെ കാരണമാവുകയാണ് കൊവിഡ് ബാധ.

കൂട്ടംകൂടൽ, കളിക്കളങ്ങളിലെ ഒത്തുചേരൽ, അനാവശ്യമായി പുറത്തുപോകൽ എന്നിവ ഒഴിവാക്കുന്നത് വൈറസ് വ്യാപനം തടയാൻ സഹായിക്കും. വീടുകളിൽ നിന്നു പുറത്തു പോയി മടങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നതു പോലെ പുറമെ നിന്നുള്ളവരുടെ സന്ദർശനങ്ങളിലും വേണം ജാഗ്രത. പുറത്തിറങ്ങുന്നവർ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിലൂടെ വൈറസ് ബാധ തടയാനാവും.


തമിഴ്നാട്ടിൽ നിന്ന വന്ന 12 തൊഴിലാളികൾ കൂട്ടത്തോടെ പോസിറ്റീവായതും അധികൃതർ ആശങ്കയോടെയാണ് കാണുന്നത്. ബേപ്പൂർ പോർട്ട് വാർഡിൽ നടത്തിയ പരിശോധനയിലാണ് തുറമുഖത്തെ തൊഴിലാളികളായ ഇവർക്ക് രോഗം സ്ഥീരികരിച്ചത്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.