തോട്ടുമുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കത്ത് നടത്തിയ അണുനശീകരണം രാഷ്ട്രീയ വിവാദമാക്കി ഭരണ-പ്രതിപക്ഷം.കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരന് സമ്പർക്കമുണ്ടായ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മെമ്പറുടെ നേതൃത്വത്തിൽ ആർ.ആർ.ടി അംഗങ്ങളും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തുടങ്ങിയ അണുനശീകരണം തടഞ്ഞതാണ് വിവാദത്തിന് തുടക്കമായത്. വാർഡിന്റെ മറ്റൊരു ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.ആർ.ടി വളണ്ടിയറെത്തി ചെറുവാടി കൊടിയത്തൂർ പ്രദേശങ്ങളിലെ യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡ് അണുനശീകരണം നടത്തുമെന്ന് പറഞ്ഞ് പ്രവൃത്തി തടയുകയായിരുന്നുവെന്ന് പഞ്ചായത്തംഗം കെ.സി.നാടിക്കുട്ടി പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണായ അഞ്ചാം വാർഡിൽ പുറത്തു നിന്നുള്ളവർ പ്രവേശിക്കരുതെന്ന് പറഞ്ഞിട്ടും ബഹളം തുടർന്നപ്പോൾ വളണ്ടിയറുടെ ബാഡ്ജ് തിരിച്ചു വാങ്ങിയെന്നും പഞ്ചായത്തംഗം പറയുന്നു. കൂടുതൽ യു.ഡി.എഫ് പ്രവർത്തകരെത്തി ബഹളംവച്ചതോടെ സി.പി.എം നേതാവ് ജോണി ഇടശ്ശേരി സമാധാനത്തിന് ശ്രമിച്ചത് ക്വാറന്റൈൻ ലംഘനമായി യു.ഡി.എഫ് ആരോപിച്ചു. തോട്ടുമുക്കത്ത് ക്വാറൻൈൻ ലംഘിച്ച് അക്രമം നടത്തിയ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി വാർത്താസമ്മേളനവും നടത്തി. ദ്രുതകർമ്മ സേന വളണ്ടിയറായി പ്രവർത്തിക്കുന്ന വൈ.പി.അഷ്റഫിനെ ഫോണിൽ വിളിച്ചുവരുത്തി സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. മജീദ് പുതുക്കുടി, കരിം പഴങ്കൽ, കെ.ടി.മൻസൂർ, എൻ.കെ.അഷ്റഫ് എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.