പയ്യോളി: സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് പയ്യോളിയിലെ തീരദേശ വാർഡുകളിൽ ഭൂരിഭാഗവും കണ്ടെയ്ൻമെന്റ് സോണുകളായി. 30 - ചൊറിയൻ ചാൽ , 32 - അറുവയൽ സൗത്ത് , 33 - കൊളാവി , 34 - ചെത്തിൽ താര , 35 - അറുവയൽ , 36 - കൊളാവിപ്പാലം ബീച്ച് , 2- കോട്ടക്കൽ ഈസ്റ്റ് എന്നീ ഏഴ് ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.നഗരസഭയിലെ കുരിയാടി താരയടക്കം നേരത്തെ കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു.
പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത അയനിക്കാട് കുരിയാടിതാരയിൽ അമ്പതിലധികം പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി. വടകര മാർക്കറ്റ് റോഡിൽ ജോലി ചെയ്യുന്ന പ്രദേശത്തുകാരനായ ചുമട്ടുതൊഴിലാളിയ്ക്കാണ് കൊവിഡ് പോസിറ്റീവായത്. എന്നാൽ ഇയാൾക്ക് വടകരയിൽ നിന്ന് രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ സമ്പർക്കത്തിലേർപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ മാവേലി സ്റ്റോർ , വനിത സഹകരണ ബാങ്ക് എന്നിവയടക്കം അഞ്ച് സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തിയാണ് പട്ടിക തയ്യാറാക്കിയത്.നഗരസഭ ആരോഗ്യ വിഭാഗം നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. പയ്യോളി ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് അഞ്ച് വരെ മാത്രമെ ഇന്നു മുതൽ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യവിഭാഗം ഉത്തരവിറക്കി .