പയ്യോളി: ചോറോട് സ്വദേശിയായ കൊവിഡ് രോഗിയുടെ സമ്പർക്കമുണ്ടായ പയ്യോളിയിലെ ബെവ്കോ ഔട്ട്ലറ്റ് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് അനശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. ശനിയാഴ്ച രാവിലെ 10.30-11.30ന് ഇടയിലാണ് പയ്യോളി പേരാമ്പ്ര റോഡിൽ ഐ.പി.സി റോഡിന് സമീപത്തെ ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിതരണശാലയിൽ കൊവിഡ് രോഗി എത്തിയത്. മദ്യം വാങ്ങിയ ഇയാൾ പരിചയക്കാർക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഞാറാഴ്ചയാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വിഭാഗം ഇക്കാര്യം പുറത്ത് വിട്ടിട്ടും ഇന്നലെ ബെവ്കോ ഔട്ട്ലെറ്റ് തുറന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.ശീതൾ രാജിന്റെ നേതൃത്വത്തിൽ മദ്യവിൽപനശാലയ്ക്ക് മുന്നിൽ പ്രതിഷേധം ആരംഭിച്ചു. പയ്യോളി സി.ഐ എം.പി.ആസാദ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച ചെയ്യുകയും ജില്ലാകളക്ടറെ അറിയിക്കുകയും ചെയ്തതോടൊണ് അടച്ചുപൂട്ടാൻ ഉത്തരവ് ഇറങ്ങിയത്. പ്രതിഷേധ സമരത്തിന് കൗൺസിലർ ഏഞ്ഞിലാടി അഹമ്മദ് , അമീൻ വായോത്ത് , ബാബു എന്നിവർ നേതൃത്വം നൽകി.