കോഴിക്കോട്: കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ മുഴുവുൻ പ്രതികളും പിടിയിലായി. വിചാരണത്തടവുകാരായ ബേപ്പൂർ ചെറുപുരക്കൽ അബ്ദുൽ ഗഫൂർ (40), എറണാകുളം മട്ടാഞ്ചേരി ജൂതപറമ്പിലെ നിസാമുദ്ദീൻ (24) എന്നിവരെ ഇന്നലെ ഡി.സി.പി സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് വയനാട്ടിൽ നിന്ന് പിടികൂടി. കേസിൽ മറ്റൊരു വിചാരണത്തടവുകാരനായ താമരശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖ് (29)നെ പൊലീസിനെ വെട്ടിച്ച് ബൈക്കിൽ കടന്നുകളയവെ വെള്ളിമാടുകുന്ന് ഗവ.ലോകോളജിനടുത്തുനിന്ന് പിടികൂടിയിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മലപ്പുറം താനൂർ സ്വദേശി അട്ടത്തോട് ഷഹൽ ഷാനുവിനെ (25) വെള്ളിയാഴ്ച താനൂരിലെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഷാനു തിരുവനന്തപുരത്തും ആഷിഖ് തുഷാരഗിരിയിലുമാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. വിചാരത്തടവുകാർ മോഷണം, മയക്കുമരുന്ന് വിൽപ്പന, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളാണ്.
ജൂലായ് 22ന് രാത്രി ഏഴരയോടെയാണ് നാലുപേരും സെക്യൂരിറ്റി ജീവനക്കാരന്റെയും പൊലീസിന്റേയും കണ്ണുവെട്ടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതികൾക്കായി നേരത്തെ പൊലീസ് ലുക്കൗട്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ആഷിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ ഗഫൂർ, നിസാമുദ്ദീൻ എന്നിവരെ പിടികൂടിയത്. പ്രതികൾക്കെതിരെ ബൈക്ക് മോഷണ കേസ് രജിസ്റ്റർ ചെയ്തതായി മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.