കോഴിക്കോട് : ബേപ്പൂർ കക്കാടത്ത് യാഡിൽ നിറുത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിന്റെ ബേസ്‌മെന്റിൽ തളർന്നു വീണ പെയിന്റിംഗ് തൊഴിലാളികളെ രക്ഷപ്പെടുത്തി. ശ്വസന യോഗ്യമായ വായുവിന്റെ കുറവ് മൂലം തളർന്നുവീണ കുന്നത്തയിൽ വിജയൻ (50), ദാസൻ (60) എന്നിവരാണ് ബേസ്‌മെന്റിൽ അകപ്പെട്ടത്. ഇന്നലെ പതിനൊന്നര കഴിഞ്ഞതോടെയായിരുന്നു സംഭവം. ഓടിക്കൂടിയ നാട്ടുകാർ വിജയനെ പുറത്തെത്തിച്ചു. തീർത്തും അവശനിലയിലായ ദാസനെ ഇവർക്ക് പുറത്തെടുക്കാനായില്ല. മീഞ്ചന്ത ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ പി.വി. വിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പുറത്തെടുത്തത്. ദാസനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.