tamilnadu-sndp

ഗൂഡല്ലൂർ: ഈഴവ - തിയ്യ സമുദായാംഗങ്ങൾക്ക് പിന്നാക്ക സംവരണം അനുവദിച്ച് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ നാലര പതിറ്റാണ്ടായി നിഷേധിക്കപ്പെട്ട നീതിയാണ് പിന്നാക്ക വിഭാഗത്തെ തേടിയെത്തിയത്. തമിഴകത്തെ മുപ്പത് ലക്ഷത്തോളം ഈഴവർക്കും തിയ്യർക്കും പ്രയോജനം ലഭിക്കും. സ്ഥിരതാമസക്കാരായ സമുദായാംഗങ്ങളെ ഒ.ബി.സി പട്ടികയിൽപ്പെടുത്തിയാണ് ഉത്തരവ്.

കന്യാകുമാരി, ചെങ്കോട്ട എന്നീ പ്രദേശങ്ങളൊഴിച്ച് മറ്റിടങ്ങളിലുള്ളവർക്ക് പിന്നാക്ക സംവരണം നിഷേധിച്ചത് 1976ലാണ്. തിരു - കൊച്ചി പ്രവിശ്യയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയിലും ചെങ്കോട്ടയിലും സംവരണം തുടരുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം.

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം 2008ലാണ് നീലഗിരിയിൽ യൂണിയൻ രൂപീകരിച്ചത്. സംവരണത്തിനായി നീലഗിരിയിലും ഗൂഡല്ലൂരിലും യൂണിയന്റെ നേതൃത്വത്തിൽ മഹാറാലികളും അവകാശ പ്രഖ്യാപന സമ്മേളനങ്ങളും സംഘടിപ്പിച്ചു.

കേന്ദ്ര പിന്നാക്ക കമ്മിഷന് പരാതി നൽകിയതോടൊപ്പം 2016ൽ യൂണിയൻ പ്രസിഡന്റ് വി.എം.ജയരാജ് ചെന്നൈ ഹെെക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. തുടർന്ന് കമ്മിഷനും കോടതിയും സർക്കാരിന്റെ വിശദീകരണം തേടി. വിഷയം പരിശോധിക്കാൻ സർക്കാർ അഡിഷണൽ ചീഫ് സെക്രട്ടറി അതുല്യ മിശ്ര ചെയർമാനായി നാലംഗ കമ്മിറ്റി രൂപീകരിച്ചു. ഇൗ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് അനുകൂല ഉത്തരവ് ഇറങ്ങിയത്.

സർക്കാർ തീരുമാനത്തെ അഭിനന്ദിച്ച തമിഴ്നാട്ടിലെ യോഗത്തിന്റെ വിവിധ യൂണിയനുകൾ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.

 എസ്.എൻ.ഡി.പി യോഗത്തിന്റെ നീണ്ട കാലത്തെ പോരാട്ടത്തിന്റെ ഫലമാണ് ഈ നേട്ടം. പിന്തുണയേകിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരോട് ഏറെ കടപ്പാടുണ്ട്. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, എം.ബി. ശ്രീകുമാർ, എൻ.കെ. ഷാജി, നീലഗിരി യൂണിയൻ നേതാക്കളായിരുന്ന വി.എം. ജയരാജ്, കെ.വി. അനിൽ, പീതാംബരൻ ഹരിദാസ് എന്നിവരും ഇൗ പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.

- നീലഗിരി യൂണിയൻ സെക്രട്ടറി ബിന്ദുരാജ്