തുടക്കം കാലിക്കറ്റ് എയർപോർട്ടിൽ
വൈകാതെ മറ്റിടങ്ങളിലേക്കും
കോഴിക്കോട്: വന്ദേ ഭാരത് സർവിസിലുൾപ്പെടെ വന്നെത്തുന്നവർക്കായി ചിലപ്പോൾ മണിക്കൂറുകളോളം എയർപോർട്ടിൽ കാത്തുകഴിയേണ്ടി വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളിലെ ഡ്രൈവർമാർക്ക് ഇനി നീണ്ടു നിവർന്ന് കിടക്കാം. ഇവർക്ക് വിശ്രമിക്കാനായുള്ള എ സി സ്‌പെഷൽ സ്ലീപ്പർ കോച്ച് ഏതാണ്ട് റെഡിയായിക്കഴിഞ്ഞു.
കോഴിക്കോട് ഡിപ്പോയിൽ കട്ടപ്പുറത്തായിരുന്ന പത്ത് വർഷത്തിലേറെ പഴക്കമുള്ള എക്‌സ്‌പ്രസ് ബസ്സാണ് സ്ലീപ്പർ കോച്ചിനായി കണ്ടെത്തിയത്. ടൂ ടയർ സംവിധാനത്തിൽ 16 പേർക്ക് കിടക്കാനുള്ള സൗകര്യമുണ്ട് ഇതിൽ. എ.സി ഘടിപ്പിച്ചതിനു പുറമെ ഫാനുമുണ്ട്. ഭക്ഷണം കഴിക്കാൻ ചെറിയ ടേബിൾ ഒരുക്കിയതിനൊപ്പം വാഷ് ബേസിനും സജ്ജീകരിച്ചിരിക്കുകയാണ്. ചെറിയ വാട്ടർ ടാങ്ക് ബസ്സിനു മുകളിലും. ഈ സ്ലീപ്പർ കോച്ച് സ്ഥിരമായി എയർപോർട്ടിൽ തന്നെ പാർക്ക് ചെയ്യും.
ഇപ്പോൾ വിദേശങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ നഗരത്തിലേക്കും പലയിടത്തായുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും എത്തിക്കാൻ ദിവസം എട്ടു മുതൽ പന്ത്രണ്ട് വരെ ബസ്സുകൾ സർവിസ് നടത്തുന്നുണ്ട്. പലപ്പോഴും രാത്രി വിമാനങ്ങൾ മണിക്കുറുകൾ വൈകിയിറങ്ങുമ്പോൾ നീണ്ട നേരം കാത്തിരിക്കേണ്ടി വരികയാണ് ഡ്രൈവർമാർക്ക്. അത്യാവശ്യം ഒന്ന് മയങ്ങാൻ എയർപോർട്ടിൽ പ്രത്യേകിച്ച് സൗകര്യവുമില്ല. ഈ സാഹചര്യത്തിലാണ് ട്രാൻസ‌്പോർട്ട് കോർപ്പറേഷൻ അധികൃതർ ഇങ്ങനെയൊരു ബദൽ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്.
പത്തോളം ജീവനക്കാർ ചേർന്നാണ് സ്ലീപ്പർ കോച്ച് ഒരുക്കിയെടുക്കുന്നത്. പഴയ സാധനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. വാങ്ങിക്കേണ്ടി വന്നത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ മാത്രം. പ്രവൃത്തി ഏതാണ്ട് പൂർത്തിയാവാറായി. ഇനി മിനുക്കുപണികളേയുള്ളൂ.
ഇതു പോലെ സ്ലീപ്പർ കോച്ചുകൾ മറ്റു പ്രധാന കേന്ദ്രങ്ങളിലും ഒരുക്കാൻ പദ്ധതിയുണ്ട്. വൈകാതെ രണ്ടാംഘട്ടത്തിലേക്ക് കടക്കും.
എയർപോട്ട് ബസ്സുകളിലെ ഡ്രൈവർമാർക്ക് സ്ലീപ്പർ കോച്ച് ഏറെ ആശ്വാസമായിരിക്കും. രാത്രി ഉറങ്ങാൻ പറ്റാതെ മണിക്കൂറോളം കാത്തിരുന്ന ശേഷം ഡ്യൂട്ടി ചെയ്യേണ്ടി വരുന്നത് മിക്കവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇനി അതൊഴിവാവും.
പി.ഗീരിഷ്,
അസി. വർക്‌സ് മാനേജർ