vv

 ഓരോ തദ്ദേശസ്ഥാപനത്തിലും

 പ്രത്യേക മെഡിക്കൽ ടീം

 പാലിയേറ്റീവ് വളണ്ടിയർമാരും

കോഴിക്കോട്: കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരന്മാരെയും മാരക രോഗങ്ങളുള്ളവരെയും സംരക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ കരുതൽ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. വൈറസ് ബാധിതരായി ജില്ലയിൽ മരിച്ചവരിൽ ഏറെയും പ്രായം ചെന്നവരോ, മറ്റ് രോഗങ്ങളുള്ളവരോ ആണെന്ന സാഹചര്യത്തിലാണ് ഇങ്ങനെയുള്ളവരെ സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക കർമ്മപദ്ധതി ആവിഷ്‌കരിച്ചത്.

ഓരോ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലും ഒരു കരുതൽ കെയർ സെന്റർ ഒരുക്കും. പ്രത്യേകം മെഡിക്കൽ സംഘത്തെയും പാലിയേറ്റിവ് വളണ്ടിയർമാരേയും ഇവിടേക്ക് നിയോഗിക്കും. വീടുകളിൽ മറ്റുള്ളവർക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ പ്രായമായവരെയും മറ്റു രോഗമുള്ളവരേയും അവിടെ നിന്ന് കരുതൽ കേന്ദ്രങ്ങളിലേക്ക് മാറ്റും. എന്നാൽ ഇത് നിർബന്ധമാക്കില്ല. വീടുകളിൽ വേണ്ടത്ര സൗകര്യങ്ങളുള്ളവർക്ക് അവിടെ തുടരാം. രോഗം ഇവരിലേക്ക് പകരാതിരിക്കാൻ വീട്ടുകാർ ശ്രദ്ധ പുലർത്തണം. ആവശ്യഘട്ടത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം ലഭ്യമാക്കും.

ജില്ലയിലെ മുതിർന്ന പൗരന്മാരുടെയും മാരകരോഗമുള്ളവരുടെയും കണക്കെടുപ്പ് വാർഡ്തല ആർ.ആർ.ടി കൾ മുഖേന നടത്തും. ജാഗ്രതാ പോർട്ടലിൽ ഈ വിവരങ്ങൾ ക്രോഡീകരിക്കും. ജില്ലാതല കൺട്രോൾ റൂം വഴി ഇവരുടെ നിരീക്ഷണത്തിനും ചികിത്സയ്ക്കും സംവിധാനമൊരുക്കും. സബ് കളക്ടർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ കരുതൽ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കും. ഫസ്റ്റ്‌ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഏതു സമയവും ഉപയോഗപ്പെടുത്താൻ പാകത്തിൽ സജ്ജമാക്കി നിറുത്തും. ഇവിടങ്ങളിലേക്കുള്ള മെഡിക്കൽ സംഘത്തെ ജില്ലാ മെഡിക്കൽ ഓഫീസർ നിയോഗിക്കും.

ഡ്രൈവർമാർക്കും

കെയർ സെന്റർ

അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വേണ്ടി പ്രത്യേകം കെയർ സെന്ററുകൾ തയ്യാറാക്കും. കൊടുവള്ളി, വടകര, കോഴിക്കോട് വലിയങ്ങാടി എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക. അതത് പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ഈ സൗകര്യം പ്രവർത്തിക്കുക.