സുൽത്താൻ ബത്തേരി: കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായി രോഗം ബാധിച്ചവരുടെ എണ്ണം വദ്ധിച്ച ബത്തേരിയിൽ ഇന്നലെ നടത്തിയ ആന്റിജൻ ടെസ്റ്റിൽ 267 പേരുടെ പരിശോധന ഫലം പുറത്ത് വന്നപ്പോൾ ആർക്കും തന്നെ രോഗബാധ കണ്ടില്ല. പരിശോധനയ്ക്ക് വിധേയരായ മുഴുവൻ പേരുടെയും ഫലം നെഗറ്റീവാണ്. പ്രത്യേക ക്ലസ്റ്ററിലേക്ക് നീങ്ങികൊണ്ടിരുന്ന ബത്തേരിക്ക് ചൊവ്വാഴ്ച ആശ്വാസത്തിന്റെ ദിനമായി.
കഴിഞ്ഞ ദിവസങ്ങളിൽ രോഗവ്യാപനം കണ്ടെത്തിയ ബത്തേരി ടൗൺ, ബീനാച്ചി, പൂളവയൽ, ചെതലയം എന്നിവിടങ്ങളിലായി 267 പേരെയാണ് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയത്. നേരത്തെ രോഗം സ്ഥിരീകരിച്ച ബത്തേരി നഗരത്തിലെ പലചരക്ക് മൊത്ത വിതരണ സ്ഥാപനമായ മലബാർ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരുടെ സമ്പർക്കത്തിലുള്ളവരെയും വിവിധ മേഖലകളിലുള്ളവരെയുമാണ് പരിശോധന നടത്തിയത്. സമ്പർക്കലിസ്റ്റിൽപ്പെടാത്തവരെ പരിശേധനയ്ക്ക് വിധേയമാക്കിയത് സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണ്. എന്നാൽ ആർക്ക് പോസിറ്റീവ് ആയിട്ടില്ല.
ബത്തേരി നഗരത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി 21 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ആംബുലൻസ് ഡ്രൈവറാണ്. ഇയാളുടെ റൂട്ട്മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. ആംബുലൻസുമായി വിവിധ സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും വാഹനത്തിൽ നിന്ന് പുറത്തിറങ്ങാത്തതിനാലും , കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ ആംബുലൻസിൽ ഉള്ളതിനാലും കാര്യമായ വ്യാപനത്തിന് സാധ്യത കുറവാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

അതേസമയം പലചരക്ക് മൊത്തവ്യാപര സ്ഥാപനവുമായും ഇവിടുത്തെ ജീവനക്കാരുമായി നിരവധിപേരാണ് ബന്ധപ്പെട്ടുവന്നത് എന്നതിനാൽ സമ്പർക്കപട്ടിക വളരെ വലുതാണ്.
രോഗം വ്യാപനം സ്ഥിരീകരിച്ചവരുടെ കുടുംബങ്ങളെ പ്രത്യേക ക്ലസ്റ്ററാക്കികൊണ്ട് അവർക്ക് വേണ്ട തുടർ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും വരും ദിനങ്ങളിൽ നടത്തും. ഇന്നലെ രോഗം വ്യാപനം കണ്ടെത്താനായിട്ടില്ലങ്കിലും രോഗബാധ ഇനിയും ഉണ്ടായികൂടെന്നില്ല. അതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.