കുറ്റ്യാടി: സമ്പൂർണ ലോക്ഡൗൺ ദിനത്തിൽ വേളം പഞ്ചായത്ത് ഓഫീസ് ശുചീകരിക്കാൻ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് ഒത്താശ ചെയ്ത പ്രസിഡന്റ് വി.കെ അബ്ദുല്ലയുടെ നടപടിയിൽ സി.പി.ഐ വേളം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. കൊവിഡ് സന്നദ്ധ പ്രവർത്തനങ്ങളിൽ കൊടിയോ ചിഹ്നങ്ങളോ പാടില്ലെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കെയാണ് എസ്.ഡി.പി.ഐ പ്രവർത്തകർ ചിഹ്നം പതിപ്പിച്ച യൂണിഫോം ധരിച്ചും പേരെഴുതിയ ബാനർ പ്രദർശിപ്പിച്ചും ശുചീകരണത്തിൽ ഏർപ്പെട്ടത്. ഇതിന് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി മാപ്പു പറയണമെന്നും യോഗം ആവശ്യപ്പെട്ടു. ജീവനക്കാരുടെയോ ജന പ്രതിനിധികളുടെയോ സാന്നിദ്ധ്യമില്ലാതെ പഞ്ചായത്ത് ഓഫീസ് കൈയേറി നടത്തിയ ശുചീകരണത്തിൽ പ്രധാനപ്പെട്ട പല രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന ആരോപണം പൊലീസ് അന്വേഷിക്കണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, പി.കെ ദാമോദരൻ, സി.കെ ബാബു, സി. രാജീവൻ, ടി. സുരേഷ് എന്നിവർ സംസാരിച്ചു.