kunnamangalam-news
ലൈഫ് ഭവന സമുച്ചയം ജില്ലാതല പ്രവൃത്തി ഉദ്ഘാടന ഫലകം ചാത്തമംഗലത്ത് പി.ടി.എ റഹീം എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു

കുന്ദമംഗലം: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോൽക്കുന്നിൽ നിർമ്മിക്കുന്ന ഭവന സമുച്ചയ പ്രവൃത്തി തുടങ്ങി. മന്ത്രി എ.സി.മൊയ്തീൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധിക്കിടയിലും ലൈഫ് ഭവന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 1.63 ഏക്കർ സ്ഥലത്താണ് ഭവന സമുച്ചയം നിർമ്മിക്കുന്നത്. 5.25 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.

കോഴിക്കോട് ജില്ലയിലെ ലൈഫ് ഭവന സമുച്ചയ നിർമ്മാണത്തിലെ പൈല​റ്റ് പ്രൊജക്ടാണ് ചാത്തമംഗലത്തെ പദ്ധതി. നാല് നിലകളിലായി 42 യൂണി​റ്റുകളാണ് ഭവന സമുച്ചയത്തിൽ ഉണ്ടാവുക. പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി തൃശ്ശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോ ഓപ്പറേ​റ്റീവ് സൊസൈ​റ്റിയും കരാർ ഏ​റ്റെടുത്തത് ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് ലിമി​റ്റഡുമാണ്. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ലൈഫ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി രണ്ട് പദ്ധതികൾക്കാണ് അനുമതി നൽകിയത്. മാവൂർ ഗ്രാമപഞ്ചായത്തിലെ പൊൻപാറക്കുന്നിൽ പൊതുമരാമത്ത് നൽകിയ 2.66 ഏക്കർ സ്ഥലത്താണ് രണ്ടാമത്തെ പദ്ധതിക്ക് അനുമതിയായത്. ഇവിടെ 6.16 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഭവന സമുച്ചയത്തിൽ 44 കുടുംബങ്ങൾക്കാണ് താമസ സൗകര്യം ഒരുക്കുന്നത്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഒന്നാം ഘട്ടത്തിൽ 237 വീടുകളും രണ്ടാം ഘട്ടത്തിൽ 334 വീടുകളുമാണ് അനുവദിച്ചത്. ഒന്നാം ഘട്ടത്തിൽ കുന്ദമംഗലം 77, ചാത്തമംഗലം 31 , മാവൂർ 30, പെരുവയൽ 13, പെരുമണ്ണ 17 , ഒളവണ്ണ 69, രണ്ടാം ഘട്ടത്തിൽ കുന്ദമംഗലം 42, ചാത്തമംഗലം 77, മാവൂർ 55, പെരുവയൽ 48, പെരുമണ്ണ 68 , ഒളവണ്ണ 44 ഉൾപ്പെടെ 571 വീടുകളാണ് അനുവദിച്ചത്. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബീന, ടി.എ.രമേശൻ, എൻ. സുരേഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് ചെറുകരക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.