കുന്ദമംഗലം: ദേശീയ- സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന പടനിലം - കളരിക്കണ്ടി റോഡ് തകർന്നതോടെ യാത്രാ ദുഷ്കരം. വരിയട്യാക്ക് - താമരശ്ശേരി റോഡിൽ കളരിക്കണ്ടിയിൽ നിന്നും ദേശീയപാത വരെ നീളുന്ന ഒന്നര കിലോ മീറ്റർ റോഡാണ് തകർന്നത്. വയനാട് ഭാഗത്ത് നിന്ന് കെട്ടാങ്ങൽ, മാവൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള മാർഗ്ഗമാണിത്. റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കൊല്ലരുകണ്ടി താഴത്തെ വലിയ കുഴികളിൽ വീണ് രാത്രി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല.