വടകര: കൊവിഡ് വീശിയടിച്ചതോടെ തകർന്നടിഞ്ഞവരിൽ ടാക്സി ഡ്രൈവർമാരും. രോഗഭീതിയിൽ ടാക്സികളെ ആശ്രയിക്കുന്നവർ കുറഞ്ഞതാണ് ഡ്രൈവർമാരുടെ പ്രതിസന്ധി കൂട്ടിയത്. ദൈനംദിന ജീവിതത്തിന് നാണയത്തുട്ടുകൾ എണ്ണിനോക്കേണ്ട സ്ഥിതിയാണ് പലർക്കും. കൊവിഡിന്റെ തുടക്കംമുതൽ ഷഡിലായ വാഹനങ്ങൾ നിരവധിയാണ്. ട്രേഡ് യൂണിയനുകൾ സഹായിച്ചില്ലെന്ന പരാതിയും ഇവർക്കുണ്ട്. സർക്കാർ ഭാഗത്തുനിന്നും സഹായമൊന്നും ലഭിച്ചില്ല. നേരത്തെ ആഴ്ചയിൽ മൂന്നോ നാലോ ദീർഘ ദൂര യാത്രകൾ കിട്ടുമായിരുന്നു. ചെലവും കഴിച്ച് ലഭിക്കുന്ന തുകകൊണ്ടാണ് കാര്യങ്ങളൊക്കെ നടത്തിയിരുന്നത്. എന്നാൽ മാസങ്ങളായി ഓട്ടം നിലച്ചത് ഇരുട്ടടിയായി. സ്വന്തം വാഹനം ടാക്സിയായി ഓടിക്കുന്നവരുടെ പ്രതിസന്ധി ഇരട്ടിയാണ്. ബാങ്ക് ലോണെടുത്ത് വാഹനം നിരത്തിലിറക്കിയ പലരുടെയും തിരിച്ചടവ് മുടങ്ങി. കൊവിഡ് കാലമായതിനാൽ ബാങ്കുകളുടെ സമ്മർദ്ദം കുറവാണെങ്കിലും ഇതുകഴിഞ്ഞാൽ കൂട്ടിവെച്ച തുക എങ്ങനെ അടച്ചുതീർക്കുമെന്ന ആശങ്കയിലാണ് ഇവർ. ദിവസത്തിൽ രണ്ടായിരം രൂപയുടെ ഓട്ടം ലഭിക്കുമ്പോൾ 600 രൂപയാണ് ഡ്രൈവർമാർക്ക് ലഭിച്ചിരുന്നത്. തുച്ചമായ തുക കൊണ്ട് ജീവിതം തട്ടിമുട്ടി പോകുന്നതിനിടെയാണ് മഹാമാരി പെയ്തിറങ്ങിയത്. ജീവിതം വഴിമുട്ടിയ തൊഴിലാളി കുടുംബങ്ങൾ സഹായത്തിനായി ആരെ സമീപിക്കണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്.