കോഴിക്കോട്: ആഗസ്റ്റ് ഒന്നു മുതൽ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്കൽ പാസഞ്ചർ - മെമു സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തം. ഡീസൽ വില കുതിച്ചുയരുകയും യാത്രക്കാർ ഗണ്യമായി കുറയുകയും ചെയ്തതോടെയാണ് സർവീസ് നിർത്തിവയ്ക്കാൻ ബസ് ഉടമകൾ തീരുമാനിച്ചത്. എന്നാൽ സ്വകാര്യ ബസുകളുടെ ഓട്ടം നിലച്ചാൽ തിരിച്ചടിയാവുക മലബാറിലെ യാത്രക്കാർക്കാണ്. ഇതിന് പരിഹാരമായി
സംസ്ഥാനത്ത് പാസഞ്ചർ ട്രെയിനുകളും മെമു സർവീസുകളും ആരംഭിക്കണമെന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന നിർദ്ദേശം. റെയിൽവേ തയ്യാറാവണമെങ്കിൽ സംസ്ഥാന സർക്കാർ രേഖാമൂലം ആവശ്യപ്പെടണം.
സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാൻ കഴിയുമെന്നതാണ് ട്രെയിൻകൊണ്ടുളള സൗകര്യം. സാനിറ്റൈസേഷനും തെർമൽ പരിശോധനയും സാധിക്കും. യാത്രാ ചെലവും കുറവാണ്. ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ടാൽ ആഗസ്റ്റ് ഒന്ന് മുതൽ തന്നെ യാത്രാക്ലേശത്തിന് പരിഹാരമാകും.