ഒളവണ്ണ: ഒളവണ്ണ പഞ്ചായത്ത് കൈമ്പാലത്ത് ഒരുക്കിയ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം കോഴിക്കോട് സബ് കളക്ടർ പ്രിയങ്ക സന്ദർശിച്ചു. കൈമ്പാലത്ത് ഗ്ളോബൽ ഇംഗ്ലീഷ് സ്‌കൂളിൽ ഒരുക്കിയ 100 ബെഡുകളുള്ള എഫ്.എൽ.ടി.സിയിലെ സൗകര്യങ്ങൾ പരിശോധിച്ച സബ് കളക്ടർ ജില്ലയിലെ ഏറ്റവും മികച്ചത് ഇതാണെന്നും ഒരുക്കിയ ഒളവണ്ണ പഞ്ചായത്തിനെ അഭിനന്ദിക്കുന്നതായും അറിയിച്ചു.

പഞ്ചായത്തിൽ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും എഫ്.എൽ.ടി.സി യിലേക്ക് ജീവനക്കാരെ ഉടൻ അനുവദിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ നൽകാമെന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള എഫ്.എൽ.ടി.സികളുടെ പ്രത്യേക ചുമതലയുള്ള സബ് കളക്ടർ പ്രിയങ്ക ഉറപ്പ് നൽകി. ഇവിടത്തെ മാലിന്യ സംസ്‌കരണത്തിന് ഇൻസിനേറ്റർ സ്ഥാപിക്കാനും നിർദ്ദേശം നൽകിയാണ് അവർ മടങ്ങിയത്.