വടകര: കൊവിഡ് മാനദണ്ഡം ലംഘിച്ച് റെയിൽവേ ട്രാക്കിൽ ജോലിയെടുപ്പിച്ചതിന് റെയിൽവേ അസി.എൻജിനീയർക്ക് ഹെൽത്ത് ഇൻസ്പെക്ടറുടെ താക്കീത്. അഴിയൂർ പഞ്ചായത്തിലെ മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്തത്. നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചതിനെ തുടർന്ന് പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റീന, ഫാത്തിമ എന്നിവർ ട്രാക്കിലെത്തി തൊഴിലാളികൾക്ക് ബോധവത്ക്കരണം നൽകുകയും റെയിൽവേ എ.ഇ ബാലകൃഷ്ണന് താക്കീതും നൽകി. റെയിൽവേ ലൈനിൽ ജോലി ചെയ്യുന്നവർ കൊവിഡ് നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാൻ പാലാക്കാട് ഡിവിഷണൽ മാനേജർക്ക് കത്ത് അയക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് അറിയിച്ചു.