treatment
ആവള ഹൈസ്‌കൂളിൽ സജ്ജമാക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ

പേരാമ്പ്ര: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പേരാമ്പ്രയിലെ വിവിധ കേന്ദ്രങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമായി. വനിത ഹോസ്റ്റൽ, കൂത്താളി ഹയർ സെക്കൻഡറി സ്‌കൂൾ, ആവള ഹൈസ്‌കൂൾ, സി.കെ.ജി ഗവ. കോളജ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പ്രവർത്തനം. വനിതാ ഹോസ്റ്റലിൽ 19 രോഗികൾക്കുള്ള സൗകര്യമാണ് ഒരുക്കിയത്. കൂത്താളി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച സെന്ററിലേക്ക് ഇ.എം.എസ് ഗ്രന്ഥാലയം പത്ത് കിടക്കകൾ സംഭാവന ചെയ്തു. ഗ്രന്ഥാലയം ജോയിന്റ് സെക്രട്ടറി പി.ടി സുനിൽ കുമാർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സൻകുട്ടിക്ക് കിടക്കകൾ കൈമാറി. കൂത്താളി വി.എച്ച്.എസ്.എസിലെ ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. നാരായണൻ, വി.കെ. ബാബു, കെ.എം രാജൻ എന്നിവർ പങ്കെടുത്തു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആവള ഹൈസ്‌കൂളിൽ സജ്ജമായി. 50 പേർക്കുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. സെന്ററിലേക്ക് ഡി.വൈ.എഫ്‌.ഐ മേഖല കമ്മിറ്റി 10 ബെഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജുവിന് കൈമാറി. മേഖല സെക്രട്ടറി കെ.എം ദിജേഷ്, പ്രസിഡന്റ് സുധീഷ് സുനന്ദാലയം, മേഖല കമ്മിറ്റി അംഗങ്ങളായ സനീഷ്, ഷിബിന, അനഘ എന്നിവർ പങ്കെടുത്തു.