പയ്യോളി: ഇരിങ്ങൽ കോട്ടക്കലിൽ കോൺഗ്രസ് പയ്യോളി ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോട്ടക്കൽ തീരദേശ ഹൈവേ കർമ്മ സമിതി കൺവീനറുമായ ടി. ഉമാനാഥന്റെ സ്‌കൂട്ടർ കത്തിനശിച്ച നിലയിൽ. കോട്ടക്കൽ ബീച്ച് റോഡ് ജംഗ്ഷന് സമീപത്തെ വീടിന് മുന്നിൽ നിർത്തിയിട്ട സ്കൂട്ടറാണ് ഇന്നലെ രാത്രിയിൽ കത്തിനശിച്ചത്. തീ ഉയരുന്നത് കണ്ട് വീട്ടുകാർ വാതിൽ തുറന്നു നോക്കുമ്പോഴേക്കും സ്കൂട്ടർ പൂർണമായും കത്തിയിരുന്നു.
കൊവിഡ് കാലമായതിനാൽ വീടിന് സമീപത്തെ പുഴയോരത്ത് മറ്റ് പ്രദേശങ്ങളിൽ നിന്ന് ആളുകളെത്തുന്നത് ഉമാനാഥിന്റെ നേതൃത്വത്തിൽ വിലക്കിയിരുന്നു. ഇതിനോടുളള വിദ്വേഷമാവാം അതിക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വടകരയിൽ നിന്ന് അഗ്നിശമന സേനയും പയ്യോളി പൊലീസും സ്ഥലത്തെത്തി. കെ.മുരളീധരൻ എം.പി സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ സർവകക്ഷിയോഗം പ്രതിഷേധിച്ചു.കോൺഗ്രസ് പയ്യോളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പടന്നയിൽ പ്രഭാകരൻ, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മഠത്തിൽ നാണു, തീരദേശ റോഡ് കർമ്മസമിതി ജനറൽ കൺവീനർ മൊയച്ചേരി രാജേഷ് , പി.എൻ.അനിൽകുമാർ, ഷൗക്കത്ത് കോട്ടക്കൽ,സി.പി. ഷാനവാസ്, എം .സി .രാമകൃഷ്ണൻ, പി .കുഞ്ഞാമു, എം.രാജേഷ്, എസ്.വി.റഹ്മത്തുള്ള എന്നിവരും പ്രതിഷേധം അറിയിച്ചു.