ബാലുശ്ശേരി: കരുമലയിൽ കഴിഞ്ഞ ദിവസം യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഉണ്ണികുളത്ത് നിന്ന് 83 പേരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചതിന്റെ ഫലം ഇന്ന് ലഭിച്ചേക്കും. യുവതിയുടെ ബന്ധുക്കൾ ഉൾപ്പെടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരും ഗ്രാമ പഞ്ചായത്ത് ജീവനക്കാർ, മെമ്പർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരടക്കമുള്ളവരുടെ സാമ്പിളുകളാണ് പരിശോധനക്കായി എടുത്തത്.

പൂനൂർ ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നാണ് പി.സി.ആർ ടെസ്റ്റിനായി ഇവരുടെ സാമ്പിളുകൾ എടുത്തത്. ഇതിന്റെ റിസൽട്ട് വിലയിരുത്തിയ ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെ ഉണ്ണികുളം പഞ്ചായത്തിലെ 1,14, 23 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരുന്നു.