കൽപ്പറ്റ: തൊണ്ടർനാട്, എടവക ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂർണമായി കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയിൽ കൊവിഡ് വ്യാപനത്തിനിടയായ മരണാനന്തര വിവാഹ ചടങ്ങുകളിൽ പങ്കെടുത്തവർ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. വാളാട് ഉൾപ്പെടുന്ന തവിഞ്ഞാൽ പഞ്ചായത്തും നിലവിൽ പൂർണമായും കണ്ടെയ്ൻമെന്റാണ്.

ഇവിടങ്ങളിൽ കർശനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഇവിടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്ന് നടപടികൾ കർശനമാക്കും. കൂടുതൽ സാമ്പിളുകൾ പരിശോധിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായും കലക്ടർ അറിയിച്ചു. ഈ മേഖലകളിൽ പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള എല്ലാവരും അടിയന്തരമായി പി.എച്ച്.സികളിൽ റിപ്പോർട്ട് ചെയ്യണം.