പൂർണ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച തവിഞ്ഞാൽ, തൊണ്ടർനാട്, എടവക, മാനന്തവാടി എന്നീ നാല് തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരിൽ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിൽ എവിടെയും 20 ൽ കൂടുതൽ പേർ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകൾ പാടില്ല. വിവാഹ ചടങ്ങുകൾ നടത്തുന്നവർ ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് എന്നിവിടങ്ങളിൽ അറിയിക്കണമെന്നും കലക്ടർ നിർദ്ദേശം നൽകി. 20 ൽ കൂടുതൽ പേർ പങ്കെടുക്കുന്ന വിവാഹ ചടങ്ങുകളെ കുറിച്ച് ജനങ്ങൾ പൊലീസിനും ആരോഗ്യ വകുപ്പിനും വിവരം നൽകണമെന്നും ജനപ്രതിനിധികൾ ഇതിന് മുൻകയ്യെടുക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.
വിവരം അറിയിക്കണം
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയവരും അവിടെ രോഗികൾക്ക് കൂട്ടിരുന്നവരും നിർബന്ധമായും ബന്ധപ്പെട്ട പി.എച്ച്.സികളിൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ള വൃദ്ധരും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വിവരം നൽകണം.
*മരുന്നു ഷാപ്പുകൾ റിപ്പോർട്ട് നൽകണം*
ജില്ലയിൽ പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് മരുന്ന് വാങ്ങുന്നവരുടെ പേരു വിവരങ്ങളും ബന്ധപ്പെടാവുന്ന നമ്പറും മരുന്നുഷാപ്പുകൾ ശേഖരിച്ച് ബന്ധപ്പെട്ട പി.എച്ച്.സികളെ അറിയിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി.