സാധാരണക്കാരന് വേണ്ടി സംസാരിക്കുകയും അവന്റെ ഉന്നതി സ്വപ്നം കാണുകയും ചെയ്ത ഗാന്ധിജിയുടെ
ജീവിതദർശനങ്ങൾ സ്വജീവിതത്തിൽ പകർത്തിയ ഒരു അദ്ധ്യാപകനുണ്ട് ബാലുശ്ശേരിയിൽ ; കെ.പി മനോജ്
കുമാർ. കാലത്തിന്റെ ഗതിവേഗത്തിലും കാലഹരണപ്പെടാത്ത ഗാന്ധിയൻ ചിന്തകൾ കെടാവിളക്കായി കൈയിലേന്തി തലമുറകൾക്ക് പ്രകാശം ചൊരിയുകയാണ് രാമകൃഷ്ണ മിഷൻ സ്കൂളിലെ അദ്ധ്യാപകൻ കൂടിയായ മനോജ് .
@ വിവേകാനന്ദനിലൂടെ ഗാന്ധിജിയിലേക്ക്
സാഹോദര്യത്തിന്റെയും മാനവികതയുടെയും നാടാണ് ഭാരതമെന്ന് ലോകത്തെ പഠിപ്പിച്ച സ്വാമി വിവേകാനന്ദനും ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഗാന്ധിജിയുമാണ് മനോജ് മാഷിന്റെ ഉൗർജം. നാലാം ക്ലാസ് മുതൽ വിവേകാനന്ദ സൂക്തങ്ങളോട് പ്രിയമായിരുന്നു. പണം കൈയിൽ വന്നപ്പോൾ പുസ്തകങ്ങൾ വാങ്ങി വായിച്ചു. ബാലുശ്ശേരി സംസ്കൃത കോളേജിലെ ബിരുദ പഠനത്തിന് ശേഷം കാലിക്കറ്റ് ടീച്ചർ ഓഫ് എഡ്യൂക്കേഷനിൽ നിന്ന് ബി.എഡ് പൂർത്തിയാക്കിയെങ്കിലും ജോല്ക്ക് ശ്രമിക്കാതെ നാട്ടിലെ വിവേകാനന്ദ കൾച്ചറൽ അസോസിയേഷനിൽ സജീവ സാന്നിദ്ധ്യമായി മാറി.
യുവാക്കളെ കോർത്തിണക്കി നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മീഞ്ചന്ത രാമകൃഷ്ണ ആശ്രമത്തിലെ ലൈബ്രറിയുടെ ചുമതല ഏറ്റെടുത്തതിലൂടെ പുസ്തകങ്ങളെ അടുത്തറിയാനുള്ള അവസരം കൂടി ലഭിക്കുകയായിരുന്നു. ഗാന്ധിജിയുടെയും വിവേകാനന്ദന്റെയും ദർശനങ്ങളെ അടുത്തറിയാൻ പുസ്തകങ്ങൾ സഹായിച്ചു. മനോജ് മാസ്റ്റർക്ക് ഗാന്ധിജി എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് വീടിന്റെ പേരായ 'സർവോദയം". ഗാന്ധിജിയുടെ ജന്മവർഷമാണ് കാറിന്റെ നമ്പർ ( (KL - 76 - 1869). ഗാന്ധിയൻ കളക്ടീവ് ഇന്ത്യാ ജില്ലാ ചെയർമാനും മഹാത്മജിയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്ന പൂർണോദയ ബുക്ക് ട്രസ്റ്റിന്റെ അംഗവുമാണിപ്പോൾ. സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. ദീർഘകാലം കോ-ഓപ്പറേറ്റീവ് കോളേജ് പ്രസിഡന്റായിരുന്നു. 2014ൽ ഗുരുശ്രഷ്ഠ അവാർഡ് ലഭിച്ചിട്ടുണ്ട്.
@ ഗാന്ധിയൻ പുസ്തകങ്ങളുടെ കലവറ
ഗാന്ധിജിയുടെ പുസ്തകങ്ങളുടെ വലിയ കലവറ തന്നെയുണ്ട് മനോജ് മാസ്റ്ററുടെ ബാലുശ്ശേരിയിലെ വീട്ടിൽ. വായനയെ ഇഷ്ടപ്പെടുന്നവർക്ക് പുസ്തകം സൗജന്യമായി നൽകാനും ഇദ്ദേഹം തയ്യാറാണ്.
@ ബാപ്പുജി ട്രസ്റ്റ്
യുവാക്കളിൽ ഗാന്ധി ചിന്ത വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മനോജ് മാസ്റ്ററുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ ബാപ്പുജി ട്രസ്റ്റിന് ശില പാകുന്നത്. ഇതിനകം നിരവധി പദ്ധതികൾ ട്രസ്റ്റ് നടപ്പിലാക്കിക്കഴിഞ്ഞു. അതിലൊന്നാണ് ബാലുശ്ശേരിയിലെ ഗാന്ധിപ്രതിമ. ഗാന്ധിജിയുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളിൽ കുട്ടികൾക്ക് ക്ലാസുകളും മറ്റും നൽകി വരുന്നു.
ബാപ്പുജി ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു കൂട്ടായ്മയാണ് 'ഗാന്ധിയൻ കൃഷി കൂട്ടായ്മ". പൊതുവെ അപ്രത്യക്ഷമായി വരുന്ന വിളകൾ വരെ കൃഷി ചെയ്യുകയും പാവപ്പെട്ടവർക്ക് സൗജന്യമായി നൽകുകയുമാണ് ഉദ്ദേശ്യം. ഇരുപതോളം പേരാണ് കൂട്ടായ്മയിലുള്ളത്്. 15 ഏക്കർ സ്ഥലത്ത് നെല്ല്, ചേന, ചേമ്പ്, കപ്പ,സൂര്യകാന്തി, മുത്താറി, കമ്പം,നിലക്കടല, വാഴ, മധുരക്കിഴങ്ങ്, തെന, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നു.
വിളവെടുക്കുന്ന ഉത്പന്നങ്ങൾ പാവപ്പെട്ട കുടുംബങ്ങളിൽ സൗജന്യമായി വിതരണം ചെയ്യും. നാഷണൽ സർവീസ് സ്കീമിന്റെ ക്യാമ്പുകളിലും നൽകാറുണ്ട്. നാട്ടിലെ മികച്ച പൊതു പ്രവർത്തകനുള്ള പുരസ്കാരം നൽകി വരുന്നു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
@ സർവോദയം സൊസൈറ്റി
ഖാദി ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനായി സർവോദയം സൊസൈറ്റി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മനോജ് മാസ്റ്റർ. ബാപ്പുജി ട്രസ്റ്റിനായി ബാലുശ്ശേരിയിൽ പുതിയൊരു കെട്ടിടം പണിയാനും ആലോചനയുണ്ട്.
@ ജീവിതവ്രതമാക്കിയ സാമൂഹ്യ സേവനം
നാട്ടിലെന്ത് പ്രശ്നമുണ്ടായാലും പരിഹാരവുമായി മനോജ് മാസ്റ്റർ മുന്നിലുണ്ടാകും. മദ്യവിരുദ്ധ കാമ്പയിനുകളിൽ സജീവ പങ്കാളിയാണ് ഇദ്ദേഹം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിവിധ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പവും മാഷ് ഉണ്ടാവും.നാട്ടുകാർക്കും പരിസരവാസികൾക്കും 'തലവേദന"യായിരുന്ന ബാലുശ്ശേരിയിലെ മദ്യഷാപ്പിനെതിരെ നടന്ന സമരത്തിന്റെ മുൻനിര പോരാളിയായിരുന്നു മനോജ് മാസ്റ്റർ. മാഷിന്റെ നേതൃത്വത്തിൽ 108 ദിവസം നീണ്ട സമരമാണ് നടന്നത്. അവസാനം ശയനപ്രദക്ഷിണം നടത്തി മദ്യഷാപ്പ് പൂട്ടിക്കുകയായിരുന്നു. ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ വലഞ്ഞ നൂറോളം തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി. കോക്കല്ലൂരിലെ പാവപ്പെട്ട കുടുംബത്തിന് വീട് വെക്കാൻ പലരോടും സ്ഥലം ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെത്തുടർന്ന് തന്റെ മൂന്നര സെന്റ് സ്ഥലം അദ്ദേഹം നൽകുകയായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹപാഠികൂടിയായിരുന്ന ഭാര്യ സീമയുടെ പരിപൂർണ പിന്തുണയുമുണ്ട്. ബാലുശ്ശേരിയിലെ സംസ്കൃത കോളേജിൽ പഠിക്കുമ്പോഴാണ് സീമയെ മനോജ് പരിചയപ്പെടുന്നത്.പിന്നീട് എം. എ വേദാന്തം പഠിച്ചതും ഒരുമിച്ച്. ഇപ്പോൾ ജോലിചെയ്യുന്നതും ഒരിടത്ത് തന്നെ ; രാമകൃഷ്ണ മിഷൻ സ്കൂളിൽ
@ കുടുംബം
പരേതനായ കോഴിപ്പറമ്പത്ത് ബാലൻ നായരുടെയും കോളശ്ശേരി ദേവി അമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണ് കെ.പി മനോജ് കുമാർ.ഭാര്യ: സീമ. മക്കൾ: ശ്രീദേവി, ശ്രീലക്ഷ്മി.