കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയ്ക്ക് മുതൽക്കൂട്ടായി ബീച്ച് ആശുപത്രിയിൽ ഹൈടെക് മെഡിക്കൽ ഐ.സി.യു ആൻഡ് സ്‌ട്രോക്ക് യൂണിറ്റ് സജ്ജമായി. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് ഐ.സി.യു നിർമ്മിച്ചത്. 22 കിടക്കകൾ ഉൾക്കൊള്ളുന്ന മെഡിക്കൽ ഐ.സി.യു ആൻഡ് സ്‌ട്രോക്ക് യൂണിറ്റാണ് ഒരുക്കിയിട്ടുള്ളത്. വിശാലമായ കാത്തിരിപ്പ് കേന്ദ്രം, നഴ്‌സിംഗ് സ്റ്റേഷൻ, വർക്ക് സ്റ്റേഷൻ, നവീകരിച്ച ശുചിമുറി എന്നിവയുമുണ്ട്. 13 ലക്ഷം രൂപ ചെലവിൽ കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ.സി.യു കോട്ട്, മൾട്ടി പാരാമോണിറ്റർ, മൊബൈൽ എക്‌സ്റേ, ഇൻഫ്യൂഷൻ പമ്പ്, എ.ബി.ജി മെഷീൻ, നോൺ ഇൻവേസീവ് വെന്റിലേറ്റർ, വെന്റിലേറ്റർ, ഡിഫിബ്രിലേറ്റർ, ഇ.സി.ജി മെഷീൻ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഫർണിച്ചറുകളും ഒരുക്കിയിട്ടുണ്ട്. എ. പ്രദീപ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ സാംബശിവ റാവു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഐ.സി.യു നിർമ്മാണം. ഈ മാസം അവസാനത്തോടെ യൂണിറ്റ് പ്രയോജനപ്പെടുത്താനാകുമെന്ന് 'ആരോഗ്യകേരളം' പ്രോഗ്രാം മാനേജർ ഡോ. എ.നവീൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല.