കോഴിക്കോട്: ലോക്ക് ഡൗണിൽ വെറുതെയിരിക്കുമ്പോഴാണ് സഹോദരങ്ങളായ ടി.പി റാഷിദിനും അനീസ് റഹ്മാനും ഒരു ഐഡിയ തോന്നിയത്, പ്ളൈവുഡ് കൊണ്ട് തോണിയുണ്ടാക്കിയാലോ. ഇരുപ്രളയങ്ങൾ പാടെ തകർത്ത അനുഭവങ്ങൾ മനസിൽ വിങ്ങിയപ്പോൾ ഒരുമാസത്തിനുള്ളിൽ തോണി റെഡി!. യൂട്യൂബിൽ നോക്കി നിർമ്മിച്ച തോണി കഴിഞ്ഞദിവസം ഇരുവരും ചേർന്ന് ഇരുവഞ്ഞിപ്പുഴയിൽ ഇറക്കുകയും ചെയ്തു. ഒരേ സമയം രണ്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്നതാണ് തോണി. പ്ളൈവുഡ് ഉപയോഗിച്ച് തോണിയുടെ മാതൃകയുണ്ടാക്കി അതിന് മുകളിൽ ഫൈബർ ഒട്ടിച്ചായിരുന്നു നിർമ്മാണം. പ്ളൈവുഡിനും മറ്റുമായി 14000 രൂപയോളം ചെലവ് വന്നതായി ഇവർ പറഞ്ഞു. അടുത്ത വർഷം എൻജിൻ ഘടിപ്പിക്കാവുന്ന ബോട്ട് നിർമ്മിക്കണമെന്ന ആഗ്രഹത്തിലാണ് ഇരുവരും. കക്കാടിലെ ടി.പി.ഹുസൈൻ ഹാജിയുടെയും ടി. പി.ആയിഷയുടെയും മക്കളാണ് റാഷിദും അനീസും.
" കഴിഞ്ഞ രണ്ട് പ്രളയത്തിലും വീടുകളിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. അന്നേ ആഗ്രഹിച്ചതാണ് ഒരു തോണി. ലോക്ക് ഡൗണിൽ സമയം കിട്ടിയപ്പോൾ ഉണ്ടാക്കി."
റാഷിദ്