roller

 പക്ഷേ,​ ഇപ്പൊ ശര്യാക്കാൻ ചെറി...യ സ്‌പാനർ പോരാ!

കോഴിക്കോട്: താമരശ്ശേരി ചുരം വഴി കുതിരവട്ടം പപ്പുവിന്റെ 'സുലൈമാൻ' പറത്തി സൂപ്പർ ഹിറ്റാക്കിയ അതേ റോഡ് റോളർ സ്വന്തം വീട്ടുമുറ്റത്ത് എത്തിയതിന്റെ ത്രില്ലിലാണ് തിരുവണ്ണൂർ സ്വദേശി എൻ.എം. സാലിഹ്. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ റോഡ് റോള‌റിന് മോഹൻലാലിന്റെ നായക കഥാപാത്രമായ കോൺട്രാക്ടർ സി.പിയോളം തന്നെയുണ്ടായിരുന്നു താരപരിവേഷം. സി.പി യുടെ ആ സ്വത്ത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പി.ഡബ്ല്യു.ഡി കരാറുകാരൻ സാലിഹിന് സ്വന്തമായത്.

പൊതുമരാമത്തു വകുപ്പിൽ നിന്ന് സാലിഹ് ‌ലേലംകൊണ്ട ജെസോപ് റോഡ് റോളർ 1987 മോഡലാണ്. കരാർ കഥകൾ നിരത്തിയ 'വെള്ളാനകളുടെ നാട് ' പുറത്തിറങ്ങിയത് 1988-ലും. യാദൃച്ഛികമായാണ് സാലിഹ് 'സിനിമാ താര'മായ റോളറിന്റെ ഉടമയാകുന്നത്. കരാറിന്റെ കാര്യവുമായി കളക്ടറേറ്റിലേക്ക് എത്തിയതായിരുന്നു. സിവിൽ സ്റ്റേഷൻ കണ്ടെയ്ൻമെന്റ് സോണിലായതിനാൽ കാര്യം നടന്നില്ല.

മടങ്ങാൻ വണ്ടിയിൽ കയറുമ്പോഴാണ് അടുത്ത സുഹൃത്തിനെ കണ്ടത്. സംസാരത്തിനിടയിൽ തൊട്ടടുത്തുള്ള പി. ഡബ്ല്യു.ഡി ഓഫീസിലെ ലേലത്തെക്കുറിച്ച് പറഞ്ഞു. ഒന്നു നോക്കാമെന്ന് കരുതി. പി.ഡബ്ല്യു.ഡി നിശ്ചയിച്ച 1.80 ലക്ഷത്തിൽനിന്ന് 10,000 രൂപ കയറ്റി 1.90 ലക്ഷത്തിന് ലേലം കൊള്ളുമ്പോഴും സാലിഹ് അറിഞ്ഞില്ല ഉരുപ്പടി സിനിമാ താരമാണെന്ന്. പിന്നീട് ഉദ്യോഗസ്ഥർ പരിചയപ്പെടുത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ ഭാര്യ മുംതാസിനും മക്കൾക്കും പെരുത്തു സന്തോഷം

.

 മതിയാവില്ല,​ ആ സ്‌പാനർ

റോഡ് റോളർ വർഷങ്ങളായി ഉപയോഗിച്ചിട്ടെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസിലായിരുന്നു. 'ഇപ്പൊ ശര്യാക്കിത്തരാം' എന്നു പറയുന്ന സുലൈമാന്റെ ആ സ്പാനർ മതിയാവുമെന്ന് തോന്നുന്നില്ല ഇതിനി ശരിയാക്കാനെന്നാണ് സാലിഹിന്റെ കമന്റ്.

ലേലസ്ഥലത്തുതന്നെ കിടക്കുന്ന റോഡ് റോളർ എങ്ങനെയെങ്കിലും ശരിയാക്കിയെടുത്ത് ഉപയോഗിക്കാനാണ് തീരുമാനം. അതിനായില്ലെങ്കിൽ പാർട്ടുകൾ അഴിച്ചെടുത്ത് ഉപയോഗപ്പെടുത്തും. വിദേശനിർമ്മിത പാർട്ടുകൾ മോശമായിരിക്കില്ല.

സിനിമയിലുടനീളം കട്ടപ്പുറത്തായിരുന്നെങ്കിലും ഈ റോഡ് റോളർ ആയിരത്തിലേറെ നിർമ്മാണ പ്രവൃത്തികളിൽ സജീവമായിരുന്നു. കഴിഞ്ഞ നാലു വർഷമായി കോഴിക്കോട് സിവിൽ സ്റ്റേഷൻ വളപ്പിൽ ഉപയോഗിക്കാതെ കിടന്നു.

30 വർഷമായി കരാർ രംഗത്തുള്ള സാലിഹിന് മൂന്നു റോഡ് റോളറുകൾ വേറെയുമുണ്ട്.