കോഴിക്കോട് : കോർപ്പറേഷനിലെ കണ്ണായ ഭാഗങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണിലായതോടെ ജനജീവിതം ദുസഹമാകുന്നു. കോർപ്പറേഷനിൽ പൂർണ്ണമായി നിയന്ത്രണങ്ങൾ നടപ്പാക്കിയില്ലെങ്കിലും വലിയ മാർക്കറ്റുകളെല്ലാം കടുത്ത നിയന്ത്രണത്തിലായതോടെ ഫലത്തിൽ അവസ്ഥ സമ്പൂർണ്ണ ലോക്ക്ഡൗണിന് സമാനമാണ്.
കോഴിക്കോട് കോർപ്പറേഷനിലെ 24 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നത്.
വലിയങ്ങാടി, മിഠായിത്തെരുവ്, സെൻട്രൽ മാർക്കറ്റ്, പുതിയ ബസ് സ്റ്റാൻഡ് തുടങ്ങിയ കച്ചവടകേന്ദ്രങ്ങളെല്ലാം കണ്ടെയ്ൻമെന്റ് സോണിലായി. വ്യവസായ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ചെറുവണ്ണൂരും നിയന്ത്രണങ്ങൾ തുടരുകയാണ്. ബേപ്പൂർ പോർട്ടും വെള്ളയിലും കണ്ടെയ്മെന്റ് സോണുകളാണ്. കോർപ്പറേഷനിലെ എല്ലാ ഭാഗങ്ങളിലേക്കും കൊവിഡ് വ്യാപനം ഉണ്ടാകുന്നത് പ്രതിസന്ധിയാകുന്നു. ജനവാസ മേഖല, വ്യാപാരമേഖല, വ്യവസായ മേഖല എന്നിങ്ങനെ സകല ഭാഗങ്ങളിലേക്കും കൊവിഡ് പടരുന്നതോടെ കടുത്ത നിയന്ത്രണം പാലിക്കാൻ ആവശ്യപ്പെടുകയാണ് ആരോഗ്യ വകുപ്പ്. നഗരത്തോട് അതിർത്തി പങ്കിടുന്ന ഓളവണ്ണ പഞ്ചായത്ത് പൂർണമായി കണ്ടെയ്ൻമെന്റ് സോണാണ്
നിയന്ത്രണങ്ങൾ പോര
വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി നടത്തുന്ന നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ആളുകൾ പുറത്തേക്കും പുറത്തു നിന്നുള്ളവർ അകത്തേക്കും സഞ്ചരിക്കുന്നതായി പരാതിയുണ്ട്. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോൺ മേഖലകൾ വന്നതോടെയാണ് പരാതികൾ വർദ്ധിച്ചത്. പ്രധാന റോഡുകൾ കയർ കെട്ടി റോഡ് അടയ്ക്കുമ്പോൾ ഇടവഴികളിലൂടെ ആളുകൾ പുറത്ത് കടക്കുന്നുണ്ട്.
കണ്ടെയ്ൻമെന്റ് സോണായ വാർഡുകൾ
ചാലപ്പുറം (59), പന്നിയങ്കര (37), അരീക്കാട് (41), മുഖദാർ (57), പൊറ്റമ്മൽ(29), തിരുത്തിയാട്ടുള്ള ഇന്റർസിറ്റി ആർക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂർ ഈസ്റ്റ് (45), പയ്യാനക്കൽ (55), പുതിയങ്ങാടി (74), കുറ്റിച്ചിറ (58), തടമ്പാട്ടുതാഴം (9), മാറാട് (49), മലാപറമ്പ് (8), ചക്കുംകടവ് (56), തിരുവണ്ണൂർ (39), പുഞ്ചപ്പാടം (51), മൂഴിക്കൽ (16), സിവിൽ സ്റ്റേഷൻ (13), വെള്ളയിൽ (66), ബേപ്പൂർ പോർട്ട് (47), വലിയങ്ങാടി (61), മുന്നാലിങ്ങൽ (62).
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയവ
കുണ്ടായിത്തോട് (44), മീഞ്ചന്ത (38), പുതിയറ (27), ചെട്ടികുളം ( 29)
നട്ടെല്ല് ഒടിഞ്ഞ് വ്യാപാര മേഖല
പാളയം ഒഴികെയുള്ള പ്രധാന മാർക്കറ്റുകളെല്ലാം കണ്ടെയ്മെന്റ് സോണുകളായതോടെ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായി. ലോക്ക് ഡൗണിന് ശേഷം പതിയെ തുറന്ന സ്ഥാപനങ്ങളെല്ലാം വീണ്ടും അടയ്ക്കേണ്ട അവസ്ഥയിലായി. വ്യവസായ മേഖലയും പ്രതിസന്ധിയിലാണ്. ബേപ്പൂർ പോർട്ടും വെള്ളയിൽ ഡിവിഷനും നിയന്ത്രണത്തിന്റെ പരിധിയിൽ പെട്ടതോടെ മത്സ്യമേഖലയും തകർച്ചയിലായി.